Advertisment

ഇത്തവണ സഞ്ജു തിളങ്ങിയില്ല, രാജസ്ഥാന്‍ കൊൽക്കത്തയ്ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞു

New Update

publive-image

Advertisment

ജയ്പുർ∙ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനു ഏഴു വിക്കറ്റ് ജയം. മുന്‍ കളികളില്‍ വമ്പന്‍ പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണ് ഇത്തവണ തിളങ്ങാനായില്ല . അതോടെ രാജസ്ഥാന് കൊൽക്കത്തയ്ക്ക് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നു .

161 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത മൂന്നു വിക്കറ്റു നഷ്ടത്തിൽ ഏഴു പന്തു ബാക്കി നിൽക്കെ വിജയ റൺസ് കുറിക്കുകയായിരുന്നു.

നിതീഷ് റാണ ( 27പന്തിൽ 35), ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് (23 പന്തിൽ 42) എന്നിവർ ചേർന്നാണു കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. റോബിൻ ഉത്തപ്പയുടെ ബാറ്റിങ്ങും കൊല്‍ക്കത്തയ്ക്കു തുണയായി.

36 പന്തുകളിൽ നിന്ന് 48 റൺസെടുത്താണു ഉത്തപ്പ പുറത്തായത്. നരെയ്ന്‍ 35 റൺസ് സ്വന്തമാക്കി. 70-ാം റൺസിലാണു കൊൽക്കത്തയുടെ രണ്ടാം വിക്കറ്റ് രാജസ്ഥാനു വീഴ്ത്താനായത്.

നിതീഷ് റാണ, ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് എന്നിവർ നിലയുറപ്പിച്ചതോടെ ജയവും കൊൽക്കത്തയ്ക്കു സ്വന്തം. രാജസ്ഥാനു വേണ്ടി കൃഷ്ണപ്പ ഗൗതം രണ്ടു വിക്കറ്റു വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ എട്ടു വിക്കറ്റു നഷ്ടത്തിൽ 160 റൺസെടുത്തു. ഓപ്പണർ അജിൻക്യ രഹാനെയുടെയും ഡാര്‍സി ഷോർട്ടിന്റെയും മികവിലാണു രാജസ്ഥാൻ ഭേദപ്പെട്ട നിലയിലെത്തിയത്.

രഹാനെ 19 പന്തുകളിൽ 36 റൺസെടുത്തു പുറത്തായപ്പോൾ ഷോർട്ട് 43 പന്തിൽ 44 റൺസെടുത്തു.  സഞ്ജു വി.സാംസണു  എട്ടു പന്തിൽ ഏഴു റണ്‍സെടുക്കാനേ  സാധിച്ചുള്ളു. കഴിഞ്ഞ രണ്ടു കളികളിലും സഞ്ജുവായിരുന്നു താരമായി മാറിയത് . കഴിഞ്ഞ കളിയില്‍ അര്‍ധസെഞ്ച്വറിയും നേടിയിരുന്നു .

രാഹുൽ ത്രിപതി (11 പന്തിൽ‌ 15), ബെൻ സ്റ്റോക്സ് (11 പന്തിൽ 14), കൃഷ്ണപ്പ ഗൗതം ( ഏഴു പന്തിൽ 12 ), ശ്രേയസ് ഗോപാൽ ( പൂജ്യം), ധവാൽ കുൽക്കർണി (മൂന്ന്) എന്നിങ്ങനെയാണു മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. ജോസ് ബട്‍ലർ (18 പന്തിൽ 24), ജയ്ദേവ് ഉനദ്ഘട്ട് (പൂജ്യം) എന്നിവർ പുറത്താകാതെനിന്നു.

കൊൽക്കത്തയ്ക്കു വേണ്ടി നിതീഷ് റാണ, ടോം എന്നിവർ രണ്ടു വിക്കറ്റു വീതവും ശിവം മാവി, കുൽദീപ് യാദവ്, പിയുഷ് ചൗള എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ipl sanchu
Advertisment