സഞ്ജു പുലിയാടാ.. , സഞ്ജു ഫോമിലാ …, കൊഹ്‌ലിയേപ്പോലും അടിച്ചിരുത്തി വിഷുവിന് വെടിക്കെട്ട് സഞ്ജുവാരുന്നടാ ! രാജസ്ഥാന്‍റെ വിജയം സഞ്ജു വക

സ്പോര്‍ട്സ് ഡസ്ക്
Sunday, April 15, 2018

 ബാംഗ്ലൂർ∙ സഞ്ജു പുലിയാടാ …. , സഞ്ജു ഫോമിലാ …, വിഷുവിന് വെടിക്കെട്ട് സഞ്ജുവാരുന്നടാ …. , ഇന്ന് സോഷ്യല്‍ മീഡിയ മുഴുവന്‍ സഞ്ജുവിനെ ആഘോഷിക്കുകയാണ് .

ഒരിടക്കാലത്ത് ഇകഴ്ത്തിയ അതേ നാവുകൊണ്ട് , ട്രോളിയ അതേ ട്രോളുകള്‍ തിരിച്ചിട്ട് , അതേ .. സഞ്ജു അപാര ഫോമിലാണ്. കഴിഞ്ഞ തവണ 1 റണ്‍സിന് നഷ്ടമായ അർധസെഞ്ചുറി ഇന്ന് ഇരട്ടി മധുരത്തോടെയാണ് തിരിച്ചുപിടിച്ചത്, ഒപ്പം കോഹ്‍ലി ഉള്‍പ്പെടെയുള്ള വന്‍ പുലിക്കുട്ടികളെ തളച്ച് വിജയവും.

വിഷുദിന സ്പെഷൽ ഇന്നിങ്സുമായി മിന്നിത്തിളങ്ങിയ മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് ഐപിഎല്ലിൽ രാജസ്ഥാന്‍ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് രാജസ്ഥാൻ തോൽപ്പിച്ചത്. 19 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ സ‍ഞ്ജുവിന്റെ ഉജ്വല അർധസെഞ്ചുറിയുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തപ്പോൾ, കോഹ്‍ലിയുടെയും സംഘത്തിന്റെയും പോരാട്ടം 20 ഓവറിൽ ആറു വിക്കറ്റിന് 198 റൺസിൽ അവസാനിച്ചു.

45 പന്തിൽനിന്നും 10 പടുകൂറ്റൻ സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 92 റൺസെടുത്തു പുറത്താകാതെനിന്ന സഞ്ജു, തുടർച്ചയായ രണ്ടാം മൽസരത്തിലും കളിയിലെ കേമൻപട്ടം സ്വന്തമാക്കി. ഇതോടെ ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിലും സഞ്ജു ഒന്നാമനായി. സഞ്ജുവിന്റെ ബാറ്റിംഗ് ഏത് ക്രിക്കറ്റ് പ്രേമികളെയും രോമാഞ്ചം കൊള്ളിക്കുന്ന വിധമായിരുന്നു .

നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ക്യാപ്റ്റൻ വിരാട് കോഹ്‍ലി, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ യുവതാരം ശ്രേയസ് ഗോപാലിന്റെ ബോളിങ്ങും രാജസ്ഥാന് ജയം സമ്മാനിക്കുന്നതിൽ നിർണായകമായി.

ബാംഗ്ലൂരിനായി കോഹ്‍ലി അർധസെഞ്ചുറി നേടി തിരിച്ചടിച്ചെങ്കിലും രാജസ്ഥാൻ സ്കോർ മറികടക്കാനായില്ല. കോഹ്‍ലി 30 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 57 റൺസെടുത്തു.

അവസാന ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ടുമായി കളം നിറഞ്ഞ മൻദീപ് സിങ്ങാണ് ബാംഗ്ലൂരിന്റെ തോൽവിഭാരം കുറച്ചത്. 25 പന്തുകൾ നേരിട്ട മൻദീപ് ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 47 റൺസെടുത്തു പുറത്താകാതെനിന്നു. 19 പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 35 റൺസെടുത്ത വാഷിങ്ടൻ സുന്ദറും ഒരുവേള രാജസ്ഥാനെ വെള്ളംകുടിപ്പിച്ചു.

ഓപ്പണർ ക്വിന്റൻ ഡികോക്ക് (19 പന്തിൽ 26), ഡിവില്ലിയേഴ്സ് (18 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർ ബ്രണ്ടൻ മക്കല്ലം (നാലു പന്തിൽ നാല്), പവൻ നേഗി (നാലു പന്തിൽ മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ക്രിസ് വോക്സ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

വിരാട് കോഹ്‍ലിയെയും സംഘത്തെയും അവരുടെ മടയിലെത്തി നേരിട്ട രാജസ്ഥാൻ റോയൽസിനായി വിഷുദിനത്തിൽ മലയാളി താരം സഞ്ജു സാംസൻ പുറത്തെടുത്ത തട്ടുപൊളിപ്പൻ ബാറ്റിങ്ങായിരുന്നു മൽസരത്തിലെ ഹൈലൈറ്റ്.

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ പതിച്ച 10 പടുകൂറ്റൻ സിക്സുകളുടെ അകമ്പടിയോടെ സഞ്ജു നേടിയ അർധസെഞ്ചുറി മികവിൽ റോയൽ ചാലഞ്ചേഴ്സിനു മുന്നിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയത് 218 റൺസ് വിജയലക്ഷ്യം. 45 പന്തുകൾ നേരിട്ട സഞ്ജു 10 സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 92 റൺസെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‍ലി പതിവുപോലെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി ഇക്കുറിയും ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസീസ് താരം ഡാർസി ഷോർട്ടും. ഒന്നാം വിക്കറ്റിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച ഇരുവരും രാജസ്ഥാന് സമ്മാനിച്ചത് തകർപ്പൻ തുടക്കം.

ഒന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അജിങ്ക്യ രാഹനെ മടങ്ങി. ഷോർട്ടിനെ ഒരറ്റത്തുനിർത്തി തകർത്തടിച്ച രഹാനെ 20 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 36 റൺസെടുത്താണ് പുറത്തായത്. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. സ്കോർ 53ൽ എത്തിയപ്പോൾ ഷോർട്ടും വീണു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 11 റൺസെടുത്ത ഷോർട്ടിനെ ചാഹൽ മടക്കി.

പിന്നീടായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഗതി നിർണയിച്ച സഞ്ജു സാംസൺ–ബെൻ സ്റ്റോക്സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച ഇരുവരും രാജസ്ഥാൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 49 റൺസ്. ടീം ടോട്ടൽ 100 കടന്നതിനു പിന്നാലെ സ്റ്റോക്സ് മടങ്ങി. 21 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത സ്റ്റോക്സിനെയും ചാഹൽ മടക്കി.

കൂട്ടായി ജോസ് ബട്‌ലർ എത്തിയതോടെ സഞ്ജു കൂടുതൽ ആക്രമണകാരിയായി. തുടർച്ചയായി സിക്സുകൾ കണ്ടെത്തിയ സഞ്ജു രാജസ്ഥാന്റെ സ്കോർ കുത്തനെ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. ബട്‌ലർ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്തു.

ബട്‌ലർ‌ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 10 പന്തുകൾ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോറിലേക്ക് സംഭാവന ചെയ്തത് 42 റൺസ്! ത്രിപാഠി അഞ്ചു പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു. സഞ്ജു 45 പന്തിൽ 10 സിക്സും രണ്ടു ബൗണ്ടറിയും സഹിതം 92 റൺസെടുത്തു.

×