രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി വന്ദന ചവാൻ. കണക്കുകളുടെ കളിയില്‍ തെരഞ്ഞെടുപ്പ് തീപാറും !!

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 7, 2018

ന്യൂഡൽഹി∙ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി എൻസിപിയുടെ വന്ദന ചവാൻ മൽസരിച്ചേക്കും . വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് . ബിഹാറിൽനിന്നുള്ള ജെഡിയു എംപി ഹരിവംശ് നാരായൺ സിങ്ങാണ് എൻഡിഎയുടെ സ്ഥാനാർഥി.

മഹാരാഷ്ട്രയിലെ പുണെ മുൻ മേയർ കൂടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയായ വന്ദന ചവാൻ. ഇവർക്ക് എൻഡിഎയുമായി ഉരസി നിൽക്കുന്ന ശിവസേനയുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ .

പ്രതിപക്ഷത്തിനാണു രാജ്യസഭയിൽ മേൽക്കൈ ഉള്ളത്. ഇതിനു പുറമെ എൻഡിഎ സഖ്യകക്ഷികളായ ശിവസേനയും അകാലിദളും വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നും ശ്രുതിയുണ്ട്.

അതേസമയം, തമിഴ്നാട്ടിൽനിന്നുള്ള അണ്ണാ ഡിഎംകെ, തെലങ്കാനയിലെ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) എന്നിവയുടെ പിന്തുണയും എൻഡിഎ പ്രതീക്ഷിക്കുന്നുണ്ട്. ഇവരെല്ലാം കൂടി ചേർന്നാൽ എൻഡിഎ സ്ഥാനാർഥിക്ക് 125 പേരുടെ പിന്തുണയാകുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

അതേസമയം, 245 അംഗ രാജ്യസഭയിൽ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ജയിക്കാൻ വേണ്ടത് 123 വോട്ടുകളാണ്. ശിവസേനയും (മൂന്നു സീറ്റ്) അകാലിദളും (മൂന്നു സീറ്റ്) വോട്ടെടുപ്പു ബഹിഷ്കരിച്ചാൽ ബിജെപിയുടെ സാധ്യതകളിൽ കരിനിഴൽ വീഴും.

ഒൻപതു സീറ്റുള്ള നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും (ബിജെഡി) കൂടി വോട്ടെടുപ്പ് ബഹിഷ്കരിച്ചാൽ വിജയിക്കാൻ വേണ്ട വോട്ടിന്റെ എണ്ണം 115 ആയി താഴും. അപ്പോഴും എൻഡിഎയ്ക്ക് 110 പേരുടെ പിന്തുണയേ ഉള്ളൂ.

അതേസമയം, തെലുങ്കുദേശം പാർട്ടിയെയും (ടിഡിപി) വൈഎസ്ആർ കോൺഗ്രസിനെയും കൂട്ടിയാൽ സംയുക്ത പ്രതിപക്ഷത്തിന് 119 പേരുടെ പിന്തുണയുണ്ട്.

പ്രതിപക്ഷ സ്ഥാനാർഥിക്കാകും പിന്തുണയെന്ന് അരവിന്ദ് കേജ്‌രിവാളിന്റെ ആംആംദ്മി പാർട്ടിയും മെഹബൂബ മുഫ്തിയുടെ പിഡിപിയും സൂചന നൽകിയിട്ടുണ്ട്. ഡിഎംകെയുടെ പിന്തുണയും പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.

51 സീറ്റുകളുള്ള കോൺഗ്രസാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എങ്കിലും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവർ അവകാശവാദം ഉന്നയിച്ചിട്ടില്ല. സംയുക്ത പ്രതിപക്ഷത്തിന്റെ താൽപര്യം മുൻനിർത്തി എല്ലാവരും കൂടി സ്ഥാനാർഥിയെ നിശ്ചയിക്കട്ടെ എന്നാണു പാർട്ടിയുടെ നിലപാട്.

×