മന്ത്രി പാസ്വാന്‍ മോഡിയുമായി കൊമ്പുകോര്‍ക്കുന്നു ? പാസ്വാന്റെ ചുവടുമാറ്റം രാഷ്ട്രീയ കാലാവസ്ഥ മാറുന്നത് മുന്‍കൂട്ടി കണ്ടെന്ന് ദേശീയ രാഷ്ട്രീയം. വീണ്ടും പരാജയപ്പെടുന്ന മുന്നണി മാറാനുള്ള ഒരുക്കമായി വിലയിരുത്തല്‍

ജെ സി ജോസഫ്
Friday, July 27, 2018

ന്യൂഡൽഹി എന്‍ഡിഎയ്ക്ക് രാഷ്ട്രീയ ദുസൂചനകള്‍ നല്‍കി കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ നിലപാട് മാറ്റം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. എന്‍ഡിഎയുമായി ദളിത്‌ വിഷയം പറഞ്ഞു കൊമ്പുകോര്‍ക്കല്‍ തുടങ്ങിയ പസ്വാന്റെ പുതിയ നീക്കങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും മോഡിയുടെയും സാധ്യതകള്‍ കുറയുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണെന്ന വിലയിരുത്തലാണ് നിരീക്ഷകര്‍ നടത്തുന്നത് .

പതിറ്റാണ്ടുകളായി കേന്ദ്രം ഭരിക്കുന്ന മുന്നണികളില്‍ മാറി മാറി സഹകരിക്കുന്ന പാസ്വാന്‍ ഓരോ മുന്നണിയുടെയും പരാജയം മുന്‍കൂട്ടി കണ്ട് വിജയിക്കുന്ന മുന്നണിയില്‍ മുന്‍പേ കയറിക്കൂടുന്നതില്‍ വിദക്ദ്ധനാണ്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇപ്പോള്‍ പസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാർട്ടി എൻഡിഎ സഖ്യത്തിൽ പുതിയ പ്രശ്നങ്ങളുയർത്തിയിരിക്കുന്നത്.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാരിനെതിരെ ദലിത് വിഭാഗക്കാർ അടുത്ത മാസം തുടങ്ങാനിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നാണു പാർട്ടി നിലപാട്. നാലു മാസത്തിനുള്ളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളെല്ലാം നടപ്പാക്കണമെന്നാണ് എൽ‌ജെപിയുടെ ആവശ്യം.

നിയമത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനു വേണ്ടി കാത്തിരുന്നു ക്ഷമ നശിച്ചതായി റാം വിലാസ് പാസ്വാന്റെ മകനും പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. ഓഗസ്റ്റ് ഒൻപതിനു ചില സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടക്കും. അതിനു മുൻപ് നിയമം നടപ്പാക്കുന്നതിനു സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം. അതു സംഭവിച്ചില്ലെങ്കിൽ പാർട്ടിയുടെ ദലിത് സേന നിരത്തിലിറങ്ങും – ചിരാഗ് പറഞ്ഞു.

ഇതോടൊപ്പം ദേശീയ ഹരിത ട്രൈബ്യൂണൽ മേധാവി സ്ഥാനത്തുനിന്ന് എ.കെ. ഗോയലിനെ മാറ്റണമെന്നും എൽജെപി ആവശ്യപ്പെടുന്നു. ദലിത് നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളംചേർത്തത് സുപ്രീം കോടതി ജഡ്ജിയായിരുന്ന ഗോയലിന്റെ വിധിയാടെയാണെന്നാണു കണക്കാക്കുന്നത്. ഇതിനു പ്രത്യുപകാരമായാണ് ട്രൈബ്യൂണലിന്റെ ചുമതല നൽകിയതെന്നു ദലിത് വിഭാഗം കരുതുന്നെന്നും ചിരാഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അറിയിച്ചു. പ്രശ്നാധിഷ്ഠിതമാണ് എൻഡിഎയ്ക്കുള്ള പിന്തുണയെന്നും ചിരാഗ് പറഞ്ഞു.

ലോക്സഭയിൽ ആറ് എംപിമാരാണ് എൽജെപിക്ക് ഉള്ളത്. നേരത്തേ യുപിഎയുടെ തുടക്കം മുതല്‍ ആ മുന്നണിയിലായിരുന്ന പാസ്വാന്‍ യുപിഎയുടെ പരാജയം മുന്‍കൂട്ടി കണ്ടാണ്‌ 2014 ല്‍ എൻഡിഎയിലെത്തിയത്. അന്നുതന്നെ യുപിഎയുടെ പരാജയ൦ ചര്‍ച്ചയായതാണ്. 1989 ലെ വിപി സിംഗ് സര്‍ക്കാര്‍ മുതലുള്ള മിക്ക സര്‍ക്കാരിലും പാസ്വാന്‍ അംഗമായിരുന്നു.

പിന്നീട് മുന്നണികള്‍ മാറി മാറി ദേവഗൌഡ, ഐ കെ ഗുജ്റാള്‍, വാജ്പേയ്, മന്‍മോഹന്‍സിംഗ് സര്‍ക്കാരുകളില്‍ അംഗമായ ശേഷമാണ് 2014 ല്‍ ബിജെപിയുടെ സാധ്യത കണ്ട പാസ്വാന്‍ എന്‍ഡിഎ ഘടകകക്ഷിയായത്. ഇപ്പോള്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പാസ്വാന്‍ ശക്തമായി രംഗത്ത് വന്നിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്‍റെ കാറ്റ് വീശിത്തുടങ്ങിയത്തിനു മുന്നോടിയാണെന്ന് നിരീഷകര്‍ വിലയിരുത്തുന്നു. പസ്വാനെ നോക്കി രാഷ്ട്രീയ മാറ്റങ്ങള്‍ വിലയിരുത്തുക എന്ന ഒരു ചൊല്ല് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടെന്നാണ് പറയുക. പാസ്വാന്‍ എവിടെയുണ്ടോ അവിടെ ഭരണമുണ്ട് എന്നാണ് പറയുന്നത്.

×