Advertisment

"പ്രദീപ്തം പ്രോജ്വലം" പ്രചോദനം പകർന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്‌ഘാടനം ചെയ്തു; ഭിന്നശേഷിക്കാരുടെ സാമൂഹിക പരിരക്ഷക്ക്‌ മുന്നിട്ടിറങ്ങാൻ ആഹ്വാനം

New Update

publive-image

Advertisment

ജിദ്ദ: ഭിന്നശേഷിക്കാരുടെ സാമൂഹിക പരിരക്ഷക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രസ്താവിച്ചു.

ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ അപര്യാപ്തമാണെന്നും ഭിന്നശേഷിക്കാർക്ക് വേണ്ടി കർമനിരതരാവുന്നത് പുണ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. "പ്രദീപ്തം പ്രോജ്വലം" എന്ന ശീർഷകത്തിൽ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിച്ച റമദാന്‍ ടോക്ക് സീരീസ് സീസണ്‍ 2 സെഷന്‍ രണ്ട് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ.

കാഴ്ചശക്തിയില്ലാത്തവര്‍ക്ക് ജീവിതം വെല്ലുവിളിയാണെന്നും അത്തരം വ്യക്തികള്‍ക്ക് സമൂഹം പരിരക്ഷ നല്‍കിയാല്‍ അവര്‍ക്ക് പ്രതികൂലതകളെ അനുകൂലതകളാക്കാന്‍ സാധിക്കുമെന്നും ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് (ജിഎഫ്ബി) പ്രസിഡന്റ് കൂടിയായ ഇ.ടി കൂട്ടിച്ചേര്‍ത്തു. ഈ രംഗത്തുള്ള തന്റെ ദീര്‍ഘകാല അനുഭവങ്ങള്‍ സൂം സെഷനില്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

ജിജിഐ പ്രസിഡന്റ്‌ ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. കുറച്ചുപേര്‍ക്ക് ദൈവം കാഴ്ചശക്തി നല്‍കാത്തത് കാഴ്ചശക്തിയുള്ളവരെ പരീക്ഷിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

publive-image

ബഹുമുഖ പ്രതിഭകളും ഭിന്നശേഷിക്കാരുമായ ഡോ. ഹബീബ് സി (അസി. പ്രഫ. ഫാറൂഖ് കോളെജ്), അക്ബര്‍ സി (അസി. പ്രഫ. മലപ്പുറം ഗവണ്മെന്റ് കോളെജ്), ജിഎഫ്ബി പ്രതിനിധി മുസ്തഫ മാസ്റ്റര്‍ എന്നിവരെ ആദരിച്ച് ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സംസാരിച്ചു.

നമുക്ക് അടങ്ങാത്ത അഭിനിവേശവും ആര്‍ജവവും ഉണ്ടെങ്കില്‍, അസാധ്യമായി ലോകത്ത് ഒന്നുമില്ലെന്ന് ഡോ.സി. ഹബീബ് ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് പറഞ്ഞു. സമൂഹം തനിക്ക് നല്‍കിയ പിന്തുണ ജീവിതവളര്‍ച്ചയിലെ നാഴികക്കല്ലായി മാറി. കാഴ്ചയില്ലാത്തവര്‍ക്ക് സഹതാപമല്ല വേണ്ടത്, പ്രത്യുത മനുഷ്യരായി പരിഗണിക്കുന്ന ഇടമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബ പാരമ്പര്യമോ ഉന്നതകുലജാതനാണെന്നതോ അല്ല പ്രധാനമെന്നും പ്രവര്‍ത്തനമാണ് ഒരാളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നതെന്നും തുടര്‍ന്നു സംസാരിച്ച അക്ബര്‍ പറഞ്ഞു.

publive-image

കാഴ്ചയല്ല, കേള്‍വിയില്ലായ്മയാണ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. വിശുദ്ധ ഖുർആന്റെ വെള്ളിവെളിച്ചം കാഴ്ചശക്തിയില്ലാത്തവരുടെ ജീവിതം പ്രദീപ്തമാക്കുന്നതായി പറഞ്ഞു. ഹബീബ്-അക്ബര്‍ ഇരട്ട സഹോദരങ്ങളുടെ പെങ്ങളും ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയുമായ ഹബീറ ടീച്ചര്‍ സഹോദരന്മാരുമായുള്ള കൂട്ടിക്കാലത്തെ മധുരാനുഭവങ്ങള്‍ പങ്കുവെച്ചു.

മുസ്തഫ മാസ്റ്റര്‍ (ജിഎഫ്ബി), ജിജിഐ ട്രഷററും ജിഫ്ബി വൈസ് പ്രസിഡന്റുമായ പി.വി ഹസന്‍ സിദ്ദീഖ് ബാബു എന്നിവര്‍ സംസാരിച്ചു. ജിജിഐ വൈസ് പ്രസിഡന്റുമാരായ ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നിര്‍വ്വഹിച്ചു.

soudi news
Advertisment