മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, March 13, 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മാത്രമല്ല, മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി മുതലെടുത്താണ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 60 വയസ് വരെ ബസ് ഡ്രൈവര്‍മാര്‍ ജോലിയെടുക്കേണ്ടി വരും. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. കോര്‍പ്പറേഷന്റെ പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലില്ലാത്ത ചെറുപ്പക്കാരെ വഞ്ചിക്കുന്ന പണിയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ 62 ആക്കി ഉയര്‍ത്തി കഴിഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പറഞ്ഞായിരുന്നു ഈ നടപടി. പെന്‍ഷന്‍ ബാധ്യത പറഞ്ഞാണ് കെഎസ്ആര്‍ടിസിയില്‍ ഈ നീക്കം നടത്തുന്നത്. എല്ലാ മേഖലകളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി തൊഴില്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരെ കബളിപ്പിക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ എല്ലാം അകാലചരമം പ്രാപിക്കുകയാണ്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കാന്‍ പോലുമുള്ള മനുഷ്യത്വം സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും യുവജന സംഘടനകള്‍ ഇതിനെതിരേ ശക്തമായി രംഗത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

×