Advertisment

മരം കൊള്ള: റവന്യൂ വകുപ്പിന്റെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന വയനാട് ജില്ലാ കളക്ടറുടെ കത്ത് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി  

New Update

publive-image

Advertisment

തിരുവനന്തപുരം: മരം കൊള്ളക്ക് വഴി തുറന്നു കൊടുത്ത റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ അപകടം ചൂണ്ടിക്കാട്ടിക്കൊണ്ടും ഉത്തരവ് ഉടന്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും വയനാട് ജില്ലാ കളക്ടര്‍ 2020 ഡിസംബറില്‍ സര്‍ക്കാരിന് നല്‍കിയ കത്ത് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യൂ മന്ത്രി കെ.രാജന് കത്ത് നല്‍കി.

വിവാദ ഉത്തരവിന്റെ മറവില്‍ തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ വെട്ടി മാറ്റുന്നതിന് സംഘടിത നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടര്‍ റവന്യൂ സെക്രട്ടറിക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്.

അതിന് മുന്‍പ് തന്നെ റവന്യൂ സെക്രട്ടറിയും ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫയല്‍ റവന്യൂ മന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇതിന്മമേല്‍ തുടര്‍നടപടികള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കാനുള്ള നീക്കങ്ങളാണ് വനം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത്.

പ്രസ്തുത ഉത്തരവ് പുന:പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളും, വിവരങ്ങളും അപ്പപ്പോള്‍ തന്നെ വനംമാഫിയാ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ചോര്‍ത്തി നല്‍കി. ഇതിനെ തുടര്‍ന്ന് അവര്‍ മരം മുറിയുടെ വേഗവും വര്‍ദ്ധിപ്പിച്ചു. ഉത്തരവ് പുനപരിശോധിക്കാനെടുത്ത 75 ദിവസത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്.

മുന്‍ റവന്യൂമന്ത്രിയും മുന്‍ വനം വകുപ്പ്മന്ത്രിയും രാഷ്ട്രീയ തലത്തില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ വനംകൊള്ളയെന്നതും വ്യക്തമാണ്.

2020 ഒക്ടോബര്‍ 24-ാം തീയതിയാണ് പതിവ്ഭൂമിയിലെ കര്‍ഷകര്‍ക്ക് ആ വസ്തുവില്‍ നില്‍ക്കുന്ന മരംമുറിക്കാനുള്ള അധികാരം നല്‍കികൊണ്ട് റവന്യൂ സെക്രട്ടറി എക്സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം കര്‍ഷകര്‍ക്ക് പതിച്ചു കിട്ടിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഈ ഉത്തരവിന്റെ ദുരുപയോഗം തടയുന്നതിനോ, വിലക്കുന്നതിനോ ഉള്ള യാതൊരു വ്യവസ്ഥകളും, മാര്‍ഗ്ഗനിര്‍ദേശങ്ങളും പ്രസ്തുത ഉത്തരവില്‍ ഉള്‍പ്പെടുത്താതിരുന്നതും തികച്ചും ബോധപൂര്‍വ്വമായിരുന്നു.

1964 ലെ ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്താതെ ഈ ഉത്തരവ് നടപ്പിലാക്കുന്നത് അനുചിതമാണെന്ന് അന്നു തന്നെ നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലില്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ്  മനസ്സിലാകുന്നത്.

കൂടാതെ ഇതുമായി ബന്ധപ്പെട്ട രണ്ട് ഹൈക്കോടതി ഉത്തരവുകളെ സംബന്ധിച്ചും ഫയലില്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.   എന്നാല്‍ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം വരുന്നതിന് മുന്‍പ് വളരെ തിടുക്കപ്പെട്ട് 2020 ഒക്ടോബര്‍ 24 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ വനംകൊള്ളയുടെ ഭീകരചിത്രം വയനാട് മുട്ടിലില്‍  നടത്തിയ സന്ദര്‍ശത്തില്‍ നിന്നും തനിക്ക് നേരിട്ട് ബോധ്യമായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.. കേരളചരിത്രത്തില്‍ ആദ്യമായിട്ടാണ് ഔദ്യോഗിക സംവിധാനങ്ങളുടെ സര്‍വ്വപിന്തുണയോടും കൂടിയുള്ള ഇത്ര വ്യാപകമായ വനംകൊള്ള അരങ്ങേറിയത്.

എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിനുപകരം ഈ ക്രമക്കേടുകളെ മറക്കാനും തെളിവുകള്‍ നശിപ്പാക്കാനുമുള്ള ഗൂഢനീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പോഴും ഉണ്ടാകുന്നത്.

വയനാട് ജില്ലാ കളക്ടറുടെ കത്ത് പുറത്തു വന്നാല്‍ ഈ കൊള്ളയ്ക്ക് പിന്നിലെ വസ്തുതകള്‍ പുറത്തു വരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ramesh chennithala
Advertisment