മൈതാനത്തിന് വാജ്പേയിയുടെ പേരു നൽകിയതുകൊണ്ട് വോട്ട് കിട്ടില്ല, പകരം പ്രധാനമന്ത്രിയുടെ പേരുമാറ്റിയാൽ രക്ഷേപെട്ടേക്കാം – മോഡിയെ ട്രോളി കേജരിവാള്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, August 25, 2018

ന്യൂഡൽഹി∙ രാംലീല മൈതാനത്തിന് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ പേര് നൽകാനുള്ള നീക്കത്തെ പരിഹസിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‌രിവാൾ . മൈതാനത്തിന് വാജ്പേയിയുടെ പേരു നൽകിയതുകൊണ്ടു മാത്രം ബിജെപിക്ക് വോട്ടു കിട്ടില്ലെന്നും, പകരം പ്രധാനമന്ത്രിയുടെ (നരേന്ദ്രമോദിയുടെ) പേരുമാറ്റിയാൽ ചിലപ്പോൾ ബിജെപിക്ക് കൂടുതൽ വോട്ടു കിട്ടിയേക്കുമെന്നുമാണ് കേജ്‌രിവാളിന്റെ പരിഹസ൦ .

‘അടൽജിയുടെ പേര് (അടൽ ബിഹാരി വാജ്പേയ്) രാംലീല മൈതാനത്തിനോ മറ്റോ നൽകിയതുകൊണ്ടു മാത്രം ബിജെപിക്ക് വോട്ടു കൂടില്ല. അതിനുപകരം പ്രധാനമന്ത്രിയുടെ പേരു മാറ്റാൻ ബിജെപിക്കു ശ്രമിക്കാവുന്നതാണ്. അദ്ദേഹത്തിന് (നരേന്ദ്രമോദിക്ക്) വോട്ടു ചെയ്യാൻ ആളുകൾക്ക് താൽപര്യക്കുറവുള്ളതിനാൽ പേരുമാറ്റം ബിജെപിക്ക് ഗുണകരമായേക്കും – കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.

രാംലീല മൈതാനത്തിന്റെ പേരുമാറ്റാൻ നീക്കം നടക്കുന്നുവെന്ന മാധ്യമ വാർത്ത റീട്വീറ്റ് ചെയ്താണ് കേജ്‌രിവാളിന്റെ പരിഹാസം. രാംലീല മൈതാനത്തിന്റെ പേരു മാറ്റി അടൽ ബിഹാരി വാജ്‍പേയ് മൈതാനം എന്നാക്കാൻ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ (എൻഡിഎംസി) ശുപാർശ സമർപ്പിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേജ്‍രിവാളിന്റെ പരിഹാസം.

അതേസമയം, ഇത്തരത്തിലുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ലെന്ന് ബിജെപിയുടെ ഡൽഹി അധ്യക്ഷൻ മനോജ് തിവാരി പ്രതികരിച്ചു. രാംലീല മൈതാനത്തിന്റെ പേരു മാറ്റാൻ നീക്കം നടക്കുന്നതായി ചിലർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ ശ്രീരാമന്റെ പേരിലുള്ള മൈതാനത്തിന്റെ പേരുമാറ്റുക സാധ്യമല്ല. ഇത് തീർത്തും തെറ്റായ വാർത്തയാണ്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ചില നേതാക്കൾ പടച്ചുവിടുന്ന വാർത്ത’ – തിവാരി വ്യക്തമാക്കി

×