Advertisment

വീടിന്റെ ഉള്‍ഭാഗം മുഴുവന്‍ മണത്തു നടന്ന നായ ഓട്ടത്തിനിടയില് മൂക്ക് തറയോട് ചേര്‍ത്ത് ആഴത്തില്‍ മണം പിടിച്ചു ; എന്തോ കണ്ടെത്തിയ മട്ടില്‍ കുരച്ചു, കാലുകള്‍ ഉപയോഗിച്ചു തറ മാന്താന്‍ തുടങ്ങി ; കുഴി ഒന്നരയടി താഴ്ച്ചയിലെത്തിയപ്പോള്‍ പൊന്തിവന്നത് 2 ലക്ഷം രൂപയുടെ ചരസ് ! ; സംഭവം തൃശൂരില്‍

New Update

തൃശൂർ : മണ്ണിനടിയിൽ കുഴിച്ചിട്ട 2 ലക്ഷം രൂപയുടെ ലഹരിമരുന്ന് പൊലീസ് നായ മണത്തു കണ്ടുപിടിച്ചു. 360 ഗ്രാം ചരസ് ആണ് റൂറൽ പൊലീസ് ഡോഗ് സ്ക്വാഡിലെ നർകോട്ടിക് സ്നിഫർ ഡോഗ് ആയ റാണ പിടികൂടിയത്.

Advertisment

publive-image

വടൂക്കര കൃഷ്ണപിള്ള നഗറിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇക്ബാലിന്റെ (34) വീടിന്റെ പ‍ുറകിലെ മതിലിനോടു ചേർന്നു കുഴിച്ചിട്ട നിലയിലായിരുന്നു ചരസ്. ഇയാളും കൂട്ടാളികളായ പൊന്നാനി വെളിയംകോട് വലിയപുരയ്ക്കൽ മുഹമ്മദ് ഇക്ബാൽ (26), ഒളരി വഴിപറമ്പൻ വീട്ടിൽ െ‍ഡൻ സോറസ് (22) എന്നിവരും പൊലീസ് കസ്റ്റഡിയിലുണ്ട്.

വീടിന്റെ ഉൾഭാഗം മുഴുവൻ റാണ മണത്തുനടന്നു. ഒരു തവണ കൂടി മണമെടുത്ത ശേഷം പിൻഭാഗത്തേക്കോടി. ഓട്ടത്തിനിടയിൽ പൊടുന്നനെ വെട്ടിത്തിരിഞ്ഞു. മൂക്ക് തറയോടു ചേർത്ത് ആഴത്തിൽ മണം പിടിക്കാൻ ശ്രമിച്ചു. മതിലിനോടു ചേർന്നുള്ള ഭാഗത്തെത്തിയപ്പോൾ എന്തോ കണ്ടെത്തിയ മട്ടിൽ ഹാൻഡ്‌ലറെ നോക്കി കുരച്ചു. മുൻകാലുകൾ ഉപയോഗിച്ചു നിലത്തു മാന്താൻ തുടങ്ങി. കുഴി ഒന്നരയടി താഴ്ചയിലെത്തിയപ്പോൾ പൊന്തിവന്നത് 2 ലക്ഷം രൂപയുടെ ചരസ്!

സ്വതന്ത്ര ചുമതലയുള്ള കന്നി ദൗത്യത്തിലാണ് രണ്ടരവയസ്സുകാരനായ റാണയെന്ന ഡോബർമാൻ ചരസ് കണ്ടുപിടിച്ചത്. വടൂക്കരയിലെ കഞ്ചാവുകേസ് പ്രതിയുടെ വീടിനു പുറകിൽ കുഴിച്ചിട്ട നിലയിലായിരുന്നു ചരസ്. തൃശൂർ പൊലീസ് അക്കാദമിയിൽനിന്ന് ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി നർക്കോട്ടിക് സ്നിഫർ ഡോഗ് പദവിയോടെ കഴി‍ഞ്ഞ മാർച്ചിലാണ് റാണ, റൂറൽ പൊലീസ് സേനയുടെ ഭാഗമായത്.

പരിശീലന കാലയളവിൽ എല്ലാത്തരം ലഹരിമരുന്നുകളും മണത്തറിയുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടി. 75% പെർഫോമൻസ് സ്കോർ നേടിയാണ് പുറത്തിറങ്ങിയത്. ദിവസവും രാവിലെ 6.45ന് റാണയുടെ ഔദ്യോഗിക പരിശീലനം തുടങ്ങും. അര ലീറ്റർ പാലും ഖരഭക്ഷണവുമാണ് രാവിലത്തെ പതിവ്. വൈകിട്ടു നാലു മണിക്കു വീണ്ടും ഒന്നര മണിക്കൂർ പരിശീലനം. ഭക്ഷണത്തിനു ശേഷം വിശ്രമം.

ഇരിങ്ങാലക്കുട ഡോഗ് സ്ക്വാഡ് ആസ്ഥാനത്ത് റാണയെ കൂടാതെ എക്സ്പ്ലോസീവ് സ്നിഫർ ഡോഗ് പദവിയോടെ ലാബ്രഡോർ ഇനത്തിൽപെട്ട ഹണിയും സ്വീറ്റിയും ഉണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, കോളജ് മൈതാനങ്ങൾ എന്നിവിടങ്ങളിൽ ഒളിച്ചുവച്ച് സാംപിളുകൾ കണ്ടെത്തുന്നതിൽ ഇവയ്ക്കു ഇപ്പോഴും സജീവ പരിശീലനം നൽകുന്നുണ്ട്. ഡോഗ് സ്ക്വാഡ് ഇൻ ചാർജ് പി.ജി.സുരേഷ്, ഡോഗ് സ്ക്വാഡ് ഹാൻഡ്‌ലർമാരായ ടി.ആർ.രാഗേഷ്, എം.എഫ്.റിജേഷ്, പി.ഒ.ജോജോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

 

Advertisment