രണ്ടാമൂഴമെന്നാല്‍ അത് ആലുവയിലെ ദിലീപിനും എലന്തൂരിലെ മോഹൻലാലിനും പുത്തൂരുള്ള ശ്രീകുമാർ മേനോനും പുള്ളിലെ മഞ്ജു വാര്യർക്കും രണ്ടാം ഊഴം തന്നെയായിരുന്നു ! പക്ഷെ സംഭവിച്ചത് മറ്റൊന്ന് ?

ദാസനും വിജയനും
Tuesday, October 30, 2018

പഞ്ചപാണ്ഡവരിൽ അതിശക്തനും അമാനുഷികനുമായ നമ്മുടെ ഭീമന് പറ്റിയ ഒരബദ്ധം ! കേവലം ഒരു വളർത്തുനായ പറ്റിച്ചപണിയിൽ പെട്ട് സത്യസന്ധനായ ജേഷ്ഠൻ യുധിഷ്ഠിരന്റെ ഊഴം നടക്കുന്നതറിയാതെ കതകിൽ മുട്ടിയ ആ അബദ്ധം .

വനവാസക്കാലത്ത് കൗരവന്മാരുടെ ക്വട്ടേഷൻ പ്രകാരം തന്നെ വധിക്കുവാൻ ശ്രമിച്ച ഹിടമ്പൻ എന്ന രാക്ഷസനെ വകവരുത്തിയപ്പോൾ പകരം വീട്ടുവാൻ സുന്ദരിയായി വേഷപ്പകർച്ച ചെയ്ത് തന്നെ സമീപിച്ച രാക്ഷസന്റെ സഹോദരി ഹിഡുംബിയെ പ്രണയിച്ചതും അതിൽ ഘടോൽക്കചൻ എന്നൊരു കുട്ടി ജനിച്ചതും എല്ലാം പൂമ്പാറ്റ അമർച്ചിത്ര കഥയിൽ വായിച്ചതൊക്കെ ഇപ്പോൾ ജീവിതത്തതിൽ ഗുണമായിവരുന്നു .

പാലക്കാട്ട് കൂടല്ലൂരുള്ള എംടി വാസുദേവൻ നായർക്കും ആലുവയിലെ ഇടവനക്കാട്ടെ ഗോപാലകൃഷ്ണനും പത്തനംതിട്ടയിലെ എലന്തൂരിലെ മോഹൻലാലിനും പാലക്കാട്ട് പുത്തൂരുള്ള ശ്രീകുമാർ മേനോനും തൃശൂർ പുള്ളിലെ മഞ്ജുവാര്യർക്കും മംഗലാപുരത്തെ കാപ്പുവിലെ ഷെട്ടിക്കും ഒക്കെ ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇതൊരു രണ്ടാമൂഴം തന്നെയായിരുന്നു .

മമ്മുട്ടിയെ ഭീമനാക്കി ഹരിഹരൻ സംവിധാനം ചെയ്യുവാൻ വെച്ചിരുന്ന ഒരു തിരക്കഥയായിരുന്നു രണ്ടാമൂഴം. കുറെ വർഷങ്ങളായി നാനയിലും വെള്ളിനക്ഷത്രത്തിലും ഒക്കെ നമ്മൾ വായിച്ചുപഴകിയ വാർത്തകളായിരുന്നു രണ്ടാമൂഴത്തിന്റേത് .

പിന്നെ പഴശ്ശിരാജക്ക്‌ ശേഷം എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമൂഴം തിരിച്ചുവരുവാൻ ഒരുങ്ങിയത്. അതിപ്പോൾ ഏത് ഗതിയിൽ ആണെന്നുള്ളത് സാക്ഷാൽ ഭീമന് വരെ മനസിലാകാതെ ഉഴലുകയാണ് .

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം പ്രശാന്ത് നാരായണന്റെ സംവിധാനത്തിൽ അരങ്ങേറിയ ഛായാമുഖിയിലെ ഭീമന് ശേഷം കിട്ടിയ ഒരവസരമാണ് രണ്ടാമൂഴത്തിലെ ഭീമസേനൻ .

വളരെ നല്ല രീതിയിൽ തയ്യാറാക്കപ്പെട്ട ഛായാമുഖി ബാംഗ്ലൂരിലെ വിജയകരമായ പ്രദർശനം കഴിഞ്ഞു തിരിച്ചുവരുമ്പോൾ ധർമ്മപുരിക്കടുത്ത കൃഷ്ണഗിരിയിൽ വെച്ച് ഉണ്ടായ ബസ്സപകടവും മരണവും എല്ലാം ഛായാമുഖിയെ നിർത്തിവെക്കുവാൻ നിർബന്ധിതമാക്കി .

പിന്നീടാണ് രണ്ടാമൂഴമായി രണ്ടാമൂഴം വരുന്നത്. അതിപ്പോൾ ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥയിലാണ്. പിന്നെ കായംകുളം കൊച്ചുണ്ണിയും ഒടിയനുമൊക്കെ വരുന്നതുകൊണ്ട് മോഹൻലാലിൻറെ കാര്യങ്ങൾ നടന്നുപോകുന്നു .

അമ്മയിലെ സകലമാന ഈനാമ്പേച്ചികളെയും പെരുച്ചാഴികളെയും മരപ്പട്ടികളെയും കോർത്തിണക്കിക്കൊണ്ട് 20 – 20 എന്ന ചിത്രം നിർമ്മിക്കുകയും കേരളത്തിലെ തലതൊട്ടപ്പന്മാരായ സകലമാന ചാർട്ടേർഡ് അക്കൗണ്ടൻമാരെയും ഞെട്ടിച്ചുകൊണ്ട് ഏറ്റവും കൂടുതൽ ടാക്സ് വെട്ടിപ്പ് നടക്കുന്ന അമ്മയുടെ കച്ചവടം കൈക്കലാക്കിയ ദിലീപ് പലരുടെയും കണ്ണിലെ കരടായി .

അതിന്റെ പ്രതിഫലനങ്ങളായിരുന്നു സൂപ്പർ സ്റ്റാറുകളുടെ വീടുകളിലെ റെയിഡും തിരിച്ചു ദിലീപിന്റെ സ്ഥാപനങ്ങളിലെ റെയ്‌ഡും എല്ലാം . ആ സംഭവ വികാസങ്ങൾ നടിയുടെ ആക്രമണത്തിൽ വരെ എത്തിയപ്പോൾ ഒടുവില്‍ ജനപ്രിയനും മുട്ടുകുത്തി .

ജീവിതത്തിൽ ഒരിക്കലും വെളിയിൽ ഇറങ്ങില്ല എന്ന തരത്തിലായിരുന്നു ജനപ്രിയന്റെ ജയിൽവാസം . ഇന്നിപ്പോൾ ദിലീപിന്റെ രണ്ടാമൂഴമാണ്‌ മലയാള സിനിമയിലേത് . ആ രണ്ടാമൂഴം ശരിക്കും രണ്ടാമൂഴമാക്കിയില്ലെങ്കിൽ നഷ്ടം മുഴുവനും ജനപ്രിയനായിരിക്കുമെന്ന തിരിച്ചറിവ് ഇപ്പോൾ രണ്ടാമൂഴത്തിൽ വരെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു .

ശ്രീകുമാര്‍ മേനോന്‍ എന്നാല്‍ പരസ്യചിത്രമേഖലയിലെ മംഗലശ്ശേരി നീലകണ്ഠൻ

സത്യത്തില്‍ ശ്രീകുമാര്‍ മേനോന്‍ ഒരു പ്രതിഭ തന്നെയാണ്. കഴിവുകള്‍ നേരാംവണ്ണം വിനിയോഗിക്കാന്‍ അവസരം ലഭിക്കാതെ പോയ പ്രതിഭ . അത് എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് കാരണങ്ങള്‍ അനവധിയുണ്ട് . അതിനാദ്യം ശ്രീകുമാറിനെ അറിയണം .

‘കളേഴ്സ് ഓഫ് ദി വേൾഡ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ കോയമ്പത്തൂരിലെയും പാലക്കാട്ടെയും കുറെ ചെറുപ്പക്കാർക്ക് വേണ്ടി കൽമണ്ഡപത്തിൽ സ്ഥാപിച്ച എച്ച് വൈ എസ് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയായിരുന്നു തുടക്കം .

കേരള സർക്കാർ ഈ കമ്പനി നിരോധിക്കുകയും ഉടമസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ മലയാള മനോരമക്കും മാതൃഭൂമിക്കും പരസ്യം കൊടുത്ത പണം കൊടുക്കാതെ ചെക്കുകൾ മടങ്ങിയപ്പോൾ അത് കലാശിച്ചത് ശ്രീകുമാറിന്റെ സ്വന്തം വീട് വരെ ജപ്തി ചെയ്യുന്ന സാഹചര്യങ്ങളിലാണ്.

ബിജെപിയേയും കമ്മ്യുണിസ്റ്റുകളെയും കോൺഗ്രസ്സുകാരെയും ഒരേപോലെ സൗഹൃദ വലയത്തിലാക്കിയ മിടുക്കനാണ് ശ്രീകുമാര്‍. ഇടവേള ബാബുവുമായുള്ള സൌഹൃദത്തിലാണ് നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന ‘മോഹൻലാൽ 25 വർഷങ്ങൾ’ എന്ന മെഗാ ഇവന്‍റ് ചെയ്യുവാൻ അവസരം ലഭിച്ചത് .

അതുകഴിഞ്ഞു മമ്മുട്ടിയുടെ മകൾ സുറുമിയുടെ മകളുടെ കല്യാണ ഇവന്‍റ് നടത്തുവാനുള്ള അവസരവും ഇടവേള ബാബു ഒരുക്കി . പിന്നീട് ശ്രീകുമാറും മമ്മുട്ടിയുമായി ഏറെ അടുത്തു . ഒരു കയ്യിൽ മമ്മുട്ടിയെയും മറുകയ്യിൽ വികെ അഷ്റഫിനെയും പാർട്ണർമാരാക്കിക്കൊണ്ട് ദുബായിൽ H 2 O എന്ന സ്ഥാപനംതന്നെ തുടങ്ങി.

മമ്മൂട്ടിയുടെ ബിസിനസ് പങ്കാളിയാകാന്‍ അവസരം ലഭിച്ച ഭാഗ്യവാന്‍. നാട്ടിൽ കല്യാണിന്റെ രമേഷുമായി പാർട്ട്ണർഷിപ്പിൽ നേത്ര എന്ന സ്ഥാപനം തൃശൂരിലും ആരംഭിച്ചു .

കല്യാൺ ജൂവലറിയുടെ പരസ്യത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ മമ്മുട്ടി ദുബായ് കമ്പനി ബന്ധം ഉപേക്ഷിച്ചപ്പോൾ മറുവശത്ത് ഉടന്‍ മോഹൻലാലിൻറെ ടേസ്റ്റ് ബഡ്സുമായി കരാറിൽ ഒപ്പിട്ടു .

പിന്നീട് മോഹൻലാൽ ലോബിയുമായി ചേർന്നുകൊണ്ട് മണപ്പുറ൦ കമ്പനി പരസ്യകരാര്‍ കൈപ്പിടിയിൽ ഒതുക്കിയപ്പോഴും കല്യാൺ ബന്ധം വളർന്നുകൊണ്ടിരുന്നു. പിന്നീട് അമിതാബ് ബച്ചനായി ഐശ്വര്യയായി പ്രഭുവായി നാഗാർജുനയായി ദിലീപായി .

സ്വന്തം നാടായ പുത്തൂർ അമ്പലത്തിൽ വേലക്ക് മഞ്ജുവാര്യരെ കൊണ്ട് ഭരതനാട്യം കളിപ്പിക്കും എന്ന വാശിയാണ് മഞ്ജു വാര്യര്‍ – ശ്രീകുമാര്‍ സൗഹൃദത്തിനും ദിലീപ് – ശ്രീകുമാര്‍ ശത്രുതയ്ക്കും കാരണമെന്നാണ് സിനിമയിലെ സംസാരം. ഒടുവില്‍ ദിലീപും ശ്രീകുമാറും പരസ്പരം കൊമ്പുകോർത്തു . അതിപ്പോഴും തുടരുന്നു.

ബാംഗ്ലൂരിൽ പുഷ് , മുംബയിൽ പുഷ് , കൊച്ചിയിൽ പുഷ് , തലസ്ഥാനത്ത് പുഷ് , കേരളത്തിലെ ഒന്നാം നമ്പർ കല്യാണം , സച്ചിൻ തെണ്ടുൽക്കരെക്കൊണ്ട് ആസ്റ്ററിന്റെ പരസ്യങ്ങൾ , ദുബായുടെ ചരിത്രത്തിൽ ഒരേ നാളിൽ ആറു കല്യാൺ ജ്യൂവലറികളുടെ ഉത്ഘടനങ്ങൾ .

അങ്ങനെയങ്ങനെ ശ്രീകുമാർ തന്റെ രണ്ടാമൂഴം സകലമാന പുത്തൂർ നായന്മാരെയും , കൊച്ചിയിലെ പരസ്യ ഗുലാൻമാരെയും , ഇവന്റ് ഗോൺസായിമാരെയും എന്തിനധികം മനോരമയും മാതൃഭൂമിയും വരെയും വെല്ലുവിളിക്കുന്ന നിലയിലായിലായിരുന്നു കാര്യങ്ങളുടെ പോക്ക് . ശരിക്കും പറഞ്ഞാൽ ഒരു മംഗലശ്ശേരി നീലകണ്ഠൻ ! അതാണ് പുള്ളിക്കും ഇഷ്ടപ്പെട്ട പേര് !

അങ്ങനെ ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ രണ്ടാമൂഴം ഒടിയനിലൂടെ അവതരിച്ചപ്പോൾ മലയാള സിനിമക്കാർ തലക്ക് കൈവെച്ചു . അതിന്റെ പിന്നാലെ ദേ വരുന്നു ആയിരം കോടിയുടെ രണ്ടാമൂഴം .

യന്തിരൻ ശങ്കറും യുടിവിയും റിലയൻസും ഒക്കെ ഒന്നുമല്ലാതായിപ്പോയ പ്രഖ്യാപനത്തിൽ ശരിക്കും ശ്രീകുമാർ രണ്ടാമൂഴം ഭംഗിയായി നിർവഹിച്ചു .

പക്ഷെ അറം പറ്റുന്നപോലെയായിരുന്നു ഒടിയൻ എന്ന സിനിമ . അത് ശരിക്കും വേണ്ടായിരുന്നു എന്ന് പറയുന്നവരാണ് ശ്രീകുമാറിന്റെ പുഷ് സഹപ്രവര്‍ത്തകര്‍ . ഒട്ടേറെ പ്രശ്നങ്ങൾ , ദുബായ് കമ്പനിയും മുംബൈ കമ്പനിയും ബാംഗ്ലൂർ കമ്പനിയും കൊച്ചിൻ കമ്പനിയും അടച്ചുപൂട്ടി .

രവിപിള്ളയുടെ മകളുടെ കല്യാണത്തിന്റെ പ്രതിഫലത്തിന്റെ പ്രശ്നങ്ങൾ , അതിന്റെ പേരിൽ ഇൻകം ടാക്സ് നോട്ടീസുകൾ, ദിലീപ് നടി കേസിൽ വലിച്ചിഴക്കപ്പെടൽ , കല്യാൺ ജൂവലറിയുടെയും മറ്റു പരസ്യദാതാക്കളുടെയും കൊഴിഞ്ഞുപോക്ക് , കൂടെ നിന്നവരുടെയല്ലാം കൊഴിഞ്ഞുപോക്ക് , കേസുകള്‍ .. ഇന്നിപ്പോൾ എംടിവാസുദേവൻ നായരുടെ തീരുമാനം വരെ ശ്രീകുമാറിന്റെ ജീവിതത്തിലെ രണ്ടാമൂഴത്തെ തട്ടിത്തെറിപ്പിക്കപ്പെട്ടിരിക്കുന്നു . വന്ന വഴികൾ മറന്നുള്ള കളികളാണ് ഇങ്ങനെയൊക്കെ സംഭവിക്കുവാൻ കാരണമെന്ന് കാരണവന്മാർ പറയാറുണ്ട് .

മഞ്ജുവാര്യരുടെ രണ്ടാമൂഴത്തിന്‍റെ കാര്യമോ ഹാ കഷ്ടം !!

മഞ്ജുവാര്യരുടെ കാര്യം ഏറെ കഷ്ടം , വിമൺ കളക്റ്റീവിലെ കുറെ നടികളുടെ വാക്കുകൾ കേട്ടുകൊണ്ട് ഒരു നല്ല കുടുംബ ജീവിതം വലിച്ചെറിഞ്ഞപ്പോൾ മകൾ മീനാക്ഷിയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ മലയാളിയുടെ മനസ്സിൽ തീക്കനലുകൾ കോരിയിട്ടു .

സാധാരണയായി നടിമാരുടെ വിവാഹജീവിതം തട്ടിത്തകരുന്നത് സാമ്പത്തിക ഞെരുക്കങ്ങൾ മൂലമായിരുന്നു . ഇവിടെയിപ്പോൾ കോടീശ്വരനും ബുദ്ധിമാനുമായ ഭർത്താവിനെ ഒന്നുമല്ലാതാക്കിക്കൊണ്ട് ഹൌ ഓൾഡ് ആർ യു കളിച്ചപ്പോൾ മഞ്ജുവിനും അതൊരു രണ്ടാമൂഴമായിരുന്നു .

വിമൺ കളക്ടീവുകാരും ഫാൻസുകാരും ന്യു ജനറേഷൻമാരും എല്ലാം ഒത്തുപിടിച്ചിട്ടും ഒരു കന്മദവും , പത്രവും സമ്മാനിക്കുവാൻ മഞ്ജുവിനായില്ല . രണ്ടാമൂഴം മഹാ സംഭവമാക്കുവാൻ പരിശ്രമിച്ചപ്പോൾ കല്യാണിന്റെ പരസ്യത്തിൽ തന്നെ ആദ്യ വീഴ്ചപറ്റി .

ഒട്ടേറെ കൊട്ടിഘോഷിച്ച പരസ്യവും സിനിമകളും നിലംപൊത്തിയപ്പോഴും അതിലധികം വിവാദങ്ങൾ തലപൊക്കി. എന്തായാലും രണ്ടാമൂഴമായിരുന്നു ഏവരും കാത്തിരുന്നത് . അതിനും ഒരു തീരുമാനം ആയി .

യുഎഇ യിലെ മലയാളികളുടെ അഭിമാനമായ ഡോ . ബി ആർ ഷെട്ടി അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ ഒരു രണ്ടാമൂഴമായാണ് രണ്ടാമൂഴത്തെ സ്വീകരിച്ചത്. ഇത്രയേറെ കോടീശ്വരന്മാർ തിങ്ങിപ്പാർക്കുന്ന കേരളക്കരയിൽ ഒരാളും കാണിക്കാത്ത ചങ്കൂറ്റം ഷെട്ടി മലയാളത്തിനായി കാണിച്ചപ്പോൾ സകലമാന പത്രങ്ങളും ചാനലുകളും ഓൺലൈൻകാരും കണ്ണടച്ചുകൊണ്ട് അദ്ദേഹത്തിന്റെ പിന്നിൽ അണിചേർന്നു .

എല്ലാവരും രണ്ടാമൂഴത്തെ അവരവരുടെ ജീവിതത്തിലേക്ക് ആവാഹിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം സന്തോഷിച്ചു. ഇന്ത്യയിലെ തന്നെ ഒരു കൂറ്റൻ സിനിമ തങ്ങളുടെ പേരിൽ ആണെന്നതിന്റെ അഹങ്കാരം എല്ലാവരിലും ആവേശം വളർത്തി .

യന്തിരന്മാരും ബാഹുബലിയും മലയാളഭാഷയെ മൊത്തത്തിൽ അംഗീകരിച്ചു . ഹോളിവുഡുകാരും ബോളിവുഡുകാരും മലയാളികളുടെ സമയത്തിന്നായി ക്യു നിന്നു. ഇനിയിപ്പോൾ എന്ത് എന്നൊരു ചോദ്യം മാത്രം ?

ഒരു നല്ല രണ്ടാമൂഴം മലയാള സിനിമയിൽ പിറക്കുമെന്ന വിശ്വാസത്തോടെ , പ്രാർത്ഥനയോടെ ,

ഭീമനെ പ്രാർത്ഥിച്ചുകൊണ്ട് ദാസനും ഘടോൽക്കചനെ പ്രാർത്ഥിച്ചുകൊണ്ട് വിജയനും

×