Advertisment

രണ്ടാമൂഴം കേസ്സ്;ആര്‍ബിട്രേറ്റര്‍ വേണമെന്ന സംവിധായകന്‍റെ ആവശ്യത്തില്‍ 17ന് തീരുമാനം

New Update

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ ആവശ്യത്തില്‍ കോടതി 17ന് തീരുമാനമെടുക്കും. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നും എം ടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നുമാണ് ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം.

മൂന്ന് വര്‍ഷത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു സംവിധായകനും നിര്‍മ്മാണ കമ്പനിയും തമ്മിലുണ്ടായിരുന്ന കരാര്‍. കരാറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ചിത്രീകരണം തുടങ്ങാത്തതിനാലാണ് തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. തര്‍ക്കമുണ്ടാവുന്നപക്ഷം ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ ഉണ്ടെന്ന വാദമാണ് ശ്രീകുമാര്‍ മേനോന്‍റെ അഭിഭാഷകന്‍ നേരത്തേ ഉന്നയിച്ചത്. എന്നാല്‍ കരാര്‍ പൂര്‍ണമായും ലംഘിക്കപ്പെടുകയും അണിയറപ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങാതിരിക്കുകയും ചെയ്‍ത സാഹചര്യത്തില്‍ ആര്‍ബിട്രേറ്റര്‍ക്ക് പ്രസക്തിയില്ലെന്നാണ് എംടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.

Advertisment