Advertisment

രണ്ടാമൂഴം കേസില്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി

New Update

Advertisment

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതിനെതിരേയുള്ള കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യകതയില്ലെന്നും മറിച്ച് കേസ് മുന്നോട്ട് പോകുമെന്നും കോഴിക്കോട് അഡിഷണല്‍ മുന്‍സീഫ് കോടതി അറിയിച്ചു. കേസ് അടുത്ത മാസം ഏഴാം തീയ്യതി വീണ്ടും പരിഗണിക്കും. എം.ടി വാസുദേവന്‍ നായരുടെയാണ് നോവല്‍.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായരാണ് കേസ് ഫയല്‍ ചെയ്തത്. നിശ്ചിത സമയത്ത് ചിത്രം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തിരക്കഥ തിരിച്ചു തരണമെന്നാണ് എം.ടിയുടെ ആവശ്യം.

നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കുശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.

പ്രശ്‌ന പരിഹാരത്തിന് കോടതി മധ്യസ്ഥനെ ചുമതലപ്പെടുത്തണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയോട് ആവശ്യപെട്ടിരുന്നു. എന്നാല്‍ മധ്യസ്ഥനെ ചുമതലപ്പെടുത്തരുതെന്ന് എം.ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു.

കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് കോടതിയിലാണ് കേസ് നടക്കുന്നത്. മധ്യസ്ഥനില്ലാതെ കോടതി നടപടികള്‍ മുനോട്ടുപോകുന്നതോടെ സിനിമ ഇറങ്ങാന്‍ ഇനിയും ഏറെ വൈകുമെന്ന് ഉറപ്പായി.

Advertisment