എം.ടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, October 11, 2018

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്. എം.ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിഖ്യാത നോവലായ രണ്ടാമൂഴം അടിസ്ഥാനമാക്കി എം.ടി വാസുദേവന്‍ നായര്‍ രചിച്ച തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെ കോടതി താല്‍ക്കാലികമായി വിലക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഒക്ടോബര്‍ 25 ന് കേസ് വീണ്ടും പരിഗണിക്കും.

സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ തിരക്കഥാകൃത്തുകൂടിയായ എം ടി സിനിമാ പ്രോജക്‌ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും കൈമാറിയ തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം ടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുന്ന മുറയ്‌‌‌ക്ക് മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചു നല്‍കാമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുണ്ട്.

×