ജലദോഷമാണെന്ന് കരുതി നിസ്സാരമാക്കി; നാല്‍പത്തിരണ്ടുകാരന് മൂക്കില്‍ അപൂര്‍വ്വയിനം ക്യാന്‍സര്‍

ഹെല്‍ത്ത് ഡസ്ക്
Thursday, November 8, 2018

rare kind of tumour found in 42 year old man in uk

തുടര്‍ച്ചയായി ജലദോഷം വരുന്നതിന് പല കാരണങ്ങളുമുണ്ടാകാം. മിക്കവാറും ജലദോഷത്തിന് നമ്മള്‍ തന്നെ സ്വയം കാരണങ്ങള്‍ കണ്ടുപിടിക്കാറുമുണ്ട്. എന്നാല്‍ ഈ പ്രവണത അപകടമാണെന്നാണ് ലണ്ടണിലെ ഗ്ലൗസെസ്റ്റര്‍ സ്വദേശിയായ ബെന്‍ വില്‍കിന്‍സണിന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്.

ബെന്നിനും ഇതേ പ്രശ്‌നമായിരുന്നു. തുടര്‍ച്ചയായി ജലദോഷം വരുന്നു. പല മരുന്നുകള്‍ കഴിച്ചും കഴിക്കാതെയുമൊക്കെ ബെന്‍ ഇത് കൈകാര്യം ചെയ്തുവന്നു. ഒടുക്കം 2016ല്‍ ബെന്നിന് വലതുചെവിയുടെ കേള്‍വി നഷ്ടമായി. അതിന് ശേഷമാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു എംആര്‍ഐ സ്‌കാനിംഗിന് ബെന്‍ വിധേയനായത്.

ഇതോടെയാണ് ബെന്നിന്റെ ജീവിതം ആകെ മാറിമറിഞ്ഞത്. സ്‌കാനിംഗിലൂടെ മൂക്കിന് പിറകില്‍ തലയോട്ടിയോട് ചേര്‍ന്ന് നാല് സെന്റിമീറ്റര്‍ നീളത്തില്‍ ഒരു മുഴ കണ്ടെത്തി. വൈകാതെ ഇത് അപൂര്‍വ്വയിനത്തില്‍ പെട്ട അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അടിയന്തരമായ ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിലേക്കുള്ള നാഡികളെ ബാധിക്കുമെന്നതിനാല്‍ ട്യൂമറിന്റെ ഒരു ഭാഗം മാത്രമേ എടുത്തുകളയാനായുള്ളൂ.

ഇനി അവശേഷിക്കുന്ന ഏക വഴി, മുഴയുടെ വലിപ്പം നിയന്ത്രിക്കാനുള്ള ഒരു തെറാപ്പി മാത്രമാണ്. എങ്കിലും കാഴ്ചയോ, കേള്‍വിയോ- അങ്ങനെ തലച്ചോറിന്റെ നിയന്ത്രണത്തിലുള്ള ഏത് പ്രവര്‍ത്തനവും എപ്പോള്‍ വേണമെങ്കിലും നിലച്ചേക്കാം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇപ്പോള്‍ ബെന്നിന് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന ചാന്‍സ് 50 ശതമാനമാണ്. രോഗം കണ്ടെത്താന്‍ വൈകിയെന്നതാണ് ബെന്നിനേറ്റ ഏറ്റവും വലിയ തിരിച്ചടി. സാധാരണഗതിയിലുള്ള അസുഖമല്ലേയെന്ന നിസ്സാരചിന്ത പലപ്പോഴും ഇത്തരം അപകടാവസ്ഥയിലേക്ക് നമ്മളെയെത്തിക്കുമെന്നും ബെന്നിന്റെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

×