ഇന്ധന തീരുവ കഴിഞ്ഞവര്‍ഷം രണ്ടു രൂപ കുറച്ചതാണ്, ഇനി കുറയ്ക്കാനാകില്ല; വിലവര്‍ധനവ് താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലവര്‍ധന താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമാണന്നും ഇതിന്റെ പേരില്‍ നികുതി കുറക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ കക്ഷികള്‍ അക്രമത്തിന് ഇറങ്ങുകയാണ്. അതുകാരണം, ജനങ്ങള്‍ ഭാരത് ബന്ദിനോട് സഹകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ എക്‌സൈസ് തീരുവയില്‍ നിന്നും കഴിഞ്ഞ വര്‍ഷം രണ്ടു രൂപ കുറച്ചിട്ടുണ്ട്.

ഇനിയും നികുതി കുറക്കാന്‍ സാധിക്കുകയില്ല. സംസ്ഥാനങ്ങളോട് നികുതി കുറക്കാന്‍ അഭ്യാര്‍ത്ഥിക്കും. എന്നാല്‍ സംസ്ഥാനങ്ങങ്ങളെ അതിനു വേണ്ടി നിര്‍ബന്ധിക്കില്ല. അവര്‍ക്കും അതിന് സാമൂഹിക ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങള്‍ക്ക് ഇന്ധന വില വര്‍ധന താല്‍ക്കാലികമാണെന്നു ബോധ്യമുള്ളത് കൊണ്ടാണ് ഭാരത് ബന്ദിനോട് പുറം തിരിഞ്ഞു നിന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എല്ലാവര്‍ക്കും സമരം ചെയ്യാനുള്ള അവകാശങ്ങള്‍ ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് ജനജീവിതം ദുസഹമാക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടിപ്പിച്ച ഭാരത് ബന്ദിനെ ചൂണ്ടിക്കാണിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

×