ഇന്ധന വില വര്‍ധനവില്‍ വിചിത്രവാദവുമായി കേന്ദ്ര സര്‍ക്കാര്‍; ‘വിലക്കയറ്റം ഞങ്ങളുടെ കയ്യിലല്ല, ജനങ്ങള്‍ക്ക് സത്യമറിയാം’

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, September 10, 2018

ഡൽഹി : ഇന്ധന വില വര്‍ധനവില്‍ വിചിത്രവാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. അടിക്കടി വില ഉയരുന്നതില്‍ സര്‍ക്കാറിന് പങ്കില്ല. ജനങ്ങള്‍ക്ക് സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ് വില വര്‍ധനവിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു സമയത്തേക്കുള്ള ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുപോലും ജനങ്ങള്‍ ബന്ദിനെ പിന്തുണച്ചില്ല. ഇത് കോണ്‍ഗ്രസിന്‍േറയും മറ്റ് പ്രതിപക്ഷ കക്ഷികളുടേയും ശക്തി ചോര്‍ത്തി. ജനങ്ങളെ ഭയപ്പെടുത്താന്‍ അവര്‍ അക്രമം അഴിച്ചു വിടുകയാണെന്നും കേന്ദ്ര മന്ത്രി പത്രസമ്മേളനത്തില്‍ ആരോപിച്ചു്

എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പക്ഷെ പെട്രോള്‍ പമ്പുകളും ബസുകളും അഗ്നിക്കിരയാക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ എക്‌സൈസ് തീരുവയില്‍ നിന്നും കഴിഞ്ഞ വര്‍ഷം രണ്ടു രൂപ കുറച്ചിട്ടുണ്ട്. ഇനിയും നികുതി കുറക്കാന്‍ സാധിക്കുകയില്ല. സംസ്ഥാനങ്ങളോട് നികുതി കുറക്കാന്‍ അഭ്യാര്‍ത്ഥിക്കും. എന്നാല്‍ സംസ്ഥാനങ്ങങ്ങളെ അതിനു വേണ്ടി നിര്‍ബന്ധിക്കില്ല. അവര്‍ക്കും അതിന് സാമൂഹിക ബാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പൊതുജനങ്ങള്‍ക്ക് ഇന്ധന വില വര്‍ധന താല്‍ക്കാലികമാണെന്നു ബോധ്യമുള്ളത് കൊണ്ടാണ് ഭാരത ബന്ദിനോട് പുറം തിരിഞ്ഞു നിന്നതെന്നും അദേഹം പറഞ്ഞു.

അതേസമയം, രാജസ്ഥാന് പിന്നാലെ ആന്ധ്രയും പെട്രോള്‍-ഡീസല്‍ വില കുറച്ചു. രണ്ടു രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഭാരതബന്ദില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇപ്പോള്‍ ഈടാക്കുന്ന നാലു ശതമാനം വാറ്റില്‍ കുറവു വരുത്തിയതായി പ്രഖ്യാപിച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇതു പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. ഇതോടെ 1120 കോടിയുടെ നഷ്ടം ഖജനാവിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാരും ഇന്ധന വിലയുടെ നികുതി കുറച്ചിരുന്നു. ഇതോടെ രാജസ്ഥാനില്‍ പെട്രോളിനും ഡീസലിനും 2.50 രൂപയുടെ കുറവാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന രാജസ്ഥാന്‍ ഗൗരവ് യാത്രയ്ക്കിടെ ഒരു പൊതുചടങ്ങില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി.

×