Advertisment

ആര്‍ബിഐ കേന്ദ്രസര്‍ക്കാരിന് ഇടക്കാല ലാഭ വിഹിതമായി 28,000 കോടി രൂപ നല്‍കും...ആര്‍ബിഐ ഇടക്കാല ലാഭവിഹിതം നല്‍കുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കേന്ദ്ര സർക്കാരിന് ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ നൽകാൻ തിങ്കളാഴ്ച ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോർഡിന്റെ തീരുമാനം. മേയ് മാസത്തിനു മുൻപ് പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന നരേന്ദ്ര മോദി സർക്കാരിന് വിവിധ പദ്ധതികൾക്കായി കൂടുതൽ പണം ചെലവഴിക്കാൻ ഈ നടപടി സഹായകമാകും.

publive-image

ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ ലാഭവിഹിതമായാണ് ഈ തുക നൽകുകയെന്ന് റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.‌ തുടർച്ചയായ രണ്ടാം വർഷമാണ് റിസർവ് ബാങ്ക് സർക്കാരിന് ഇടക്കാല ലാഭവിഹിതം നൽകുന്നത്. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച നിരവധി നയപരിപാടികൾക്ക് ഊർജം പകരാൻ ഈ ധനവിഹിതം കേന്ദ്ര സർക്കാരിന് തുണയാകും.

രണ്ടു ഹെക്ടർ(4.9 ഏക്കർ) വരെ കൃഷിഭൂമിയുളള കർഷകർക്കു മൂന്ന് തവണയായി 6000 രൂപ, അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് വരുമാന നികുതിയിളവു തുടങ്ങിയ പദ്ധതികൾ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇടക്കാല ബജറ്റിൽ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനപ്രിയ ബജറ്റ് നിർദ്ദേശങ്ങൾക്കൊപ്പം ഇടക്കാല ലാഭ വിഹിതം കൂടി ലഭ്യമാകുന്നതോടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം പകരാൻ സർക്കാരിനാകും. സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണലഭ്യതയ്ക്കും ഇത് സഹായിക്കും.

 

Advertisment