Advertisment

വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്തായിരുന്നു അക്രമം ; 60 ഓളം വരുന്ന പുരുഷൻമാരുടെ സംഘം വീടുകളിലേക്കു വന്നു ; വടികളും ഹെൽമെറ്റും ധരിച്ചാണ് അവർ എത്തിയത് ; ജനാലയിലൂടെ നോക്കുമ്പോൾ അക്രമകാരികൾ അയൽവാസികളുടെ വീടിനും മെഡിക്കൽ ഷോപ്പിനും തീയിടുന്ന കാഴ്ചയാണു കണ്ടത് ; ആ രാത്രി സ്ത്രീകൾക്കു നേരെ അക്രമികൾ ലൈംഗികാതിക്രമവും നടത്തി. ബലപ്രയോഗത്തിലൂടെ വസ്ത്രങ്ങൾ വലിച്ചു കീറി ; മുസ്‌ലിമായി ജനിച്ചതാണോ ഞങ്ങളുടെ തെറ്റ്? ; ഡല്‍ഹി ആക്രമണത്തില്‍ ഇരകളായ യുവതികള്‍ ചോദിക്കുന്നു

New Update

ഡൽഹി :  ഇന്ദിര വിഹാർ മേഖലയിലെ ഒരു ഹാളിൽ നിലത്ത് കുഞ്ഞുങ്ങളെയും മാറോടു ചേർത്ത് ഇരിക്കുകയാണ്ഒരുകൂട്ടം അമ്മമാർ. കലാപത്തിന്റെ ഇരങ്ങൾ. അൽപം മുതിർന്ന കുട്ടികൾ അവർക്കു സമീപത്ത് കളിക്കുന്നുണ്ട്. വർഗീയകലാപം ഇല്ലാതാക്കിയത് ഏതാനും പേരുടെ ജീവൻ മാത്രമല്ല. നിരവധി സ്ത്രീകളുടെ ജീവിതം കൂടിയാണ്. എങ്ങോട്ട് തിരിച്ചു പോകണമെന്നറിയാതെ പകച്ചിരിക്കുകയാണ് നിരാലംബരായ ഈ മനുഷ്യർ. രാജ്യത്തെ അഭയാർഥി ക്യാമ്പായി മാറിയിരിക്കുകയാണ് ഇവിടം.

Advertisment

publive-image

ഡൽഹിയിലെ വർഗീയ കലാപം ഏറ്റവും മോശമായി ബാധിച്ച ശിവവിഹാറിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമാണ് ഈ അഭയാർഥി ക്യാമ്പിൽ ഏറെയും. പതിറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലീംകളും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചിരുന്ന ഇടമായിരുന്നു ശിവവിഹാർ. അവിടെയാണ് വർഗീയതയുടെ വിഷവിത്തുകൾ പാകിയത്. മുസ്‌ലിം ഭൂരിപക്ഷമുള്ള മേഖലയിലായിരുന്നു ഏറ്റവും കൂടുതൽ അക്രമം. പ്രദേശത്തെ സമാധാനവും സാഹോദര്യവും പൂർണമായും തകർക്കപ്പെട്ടു.

‘വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്തായിരുന്നു അക്രമം. പുരുഷൻമാർ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. 60ഓളം വരുന്ന പുരുഷൻമാരുടെ സംഘം വീടുകളിലേക്കു വന്നു. അവർ ആരാണെന്ന് ഞങ്ങൾക്കു മനസ്സിലായില്ല. കാരണം മുൻപൊരിക്കലും ഞങ്ങൾ അവരെ കണ്ടിട്ടില്ല. ഞങ്ങളെ സംരക്ഷിക്കാൻ വന്നവരാണെന്നായിരുന്നു ആദ്യം പറഞ്ഞത്.

അതിനുശേഷം വീടിന് അകത്തേക്ക് പോകാനും ആവശ്യപ്പെട്ടു. എന്നാൽ, അകത്തു കയറി ജനലിലുടെ നോക്കിയപ്പോൾ അവർ ഞങ്ങളെ സംരക്ഷിക്കാൻ വന്നവരല്ലെന്ന് ഉറപ്പായി.വടികളും ഹെൽമെറ്റും ധരിച്ചാണ് അവർ എത്തിയത്. ജനാലയിലൂടെ നോക്കുമ്പോൾ അക്രമകാരികൾ അയൽവാസികളുടെ വീടിനും മെഡിക്കൽ ഷോപ്പിനും തീയിടുന്ന കാഴ്ചയാണു കണ്ടത്.– നസ്രീൻ അൻസാരി എന്ന യുവതി പറഞ്ഞു

അക്രമം നടക്കുമ്പോൾ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ‘ഞങ്ങൾക്കു ചുറ്റിലും തീപടരുന്നത് നിസ്സഹായതയോടെ നോക്കി. ഗ്യാസ് സിലിണ്ടറുകൾക്ക് തീയിട്ട് അവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഒരിക്കലും ഇങ്ങനെയൊരു കലാപം നേരിടേണ്ടി വരുമെനന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്. മുസ്‌ലിമായി ജനിച്ചതാണോ ഞങ്ങളുടെ തെറ്റ്?’

നിസ്സഹായതയോടെ നസ്രിൻ ചോദിക്കുന്നു. പലതവണ സ്ത്രീകൾ പൊലീസിനെ വിളിച്ചു. ഓരോതവണയും അഞ്ചുമിനുട്ടിനകം എത്താമെന്നായിരുന്നു അവരുടെ മറുപടി. ഇത്രയും ഭീകരമായ സംഭവം നടക്കുമ്പോൾ അഞ്ചുമിനിട്ടു ദൂരത്തിൽ എത്താമായിരുന്നിട്ടു കൂടി പൊലീസ് എത്തിയില്ലെന്നും നസ്രിൻ പറഞ്ഞു.

‘എന്നാൽ പൊലീസ് എത്താത്തിനെ തുടർന്ന് ബന്ധുക്കളെ വിളിച്ചു. ഈ രാത്രി ഇവിടെ കഴിയാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. നേരം പുലരുമ്പോൾ ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ല. അവസാനം പുലർച്ചെ മൂന്നു മണിയോടെ പുരുഷൻമാരോടൊപ്പം 12 മണിക്കൂറിനു ശേഷം പൊലീസ് എത്തി.’–നസ്രിൻ വ്യക്തമാക്കി.

പ്രാണരക്ഷാർഥം അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു 19കാരിയായ ഷൈറ മാലിക്കിന്റെ പ്രതികരണം. കല്ലുകളും പെട്രോൾ ബോംബുകളും തുടരെ തുടരെ വന്നു വീഴുന്നുണ്ടായിരുന്നു. ആ രാത്രി സ്ത്രീകൾക്കു നേരെ അക്രമികൾ ലൈംഗികാതിക്രമവും നടത്തി. ബലപ്രയോഗത്തിലൂടെ വസ്ത്രങ്ങൾ വലിച്ചു കീറി. തലയിലിട്ടിരുന്ന സ്കാർഫും വലിച്ചു നീക്കി.

വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമികളിൽ ചിലർ തന്റെ വസ്ത്രം വലിച്ചു കീറിയതായി ഒരുസ്ത്രീ കണ്ണീരോടെ പറഞ്ഞു. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണവർ. ഹിന്ദുക്കളായ അയൽവാസികളുടെ കരുണയുള്ളതുകൊണ്ടാണ് ഇപ്പോഴും ജീവനോടെയുള്ളതെന്നായിരുന്നു 30 വയസ്സുള്ള ഒരു യുവതിയുടെ പ്രതികരണം. ‘അക്രമികൾ പാഞ്ഞു വന്നപ്പോൾ അയൽവാസികളായ ഹൈന്ദവർ അവരുടെ ബന്ധുവാണ് ഞാനെന്നു പറഞ്ഞതിനാലാണ് രക്ഷപ്പെട്ടത്.’– ആ സ്ത്രീ പറഞ്ഞു.

അഭയാർഥി ക്യാംപിൽ കഴിയുന്നവരെല്ലാം വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരാണ്. കലാപത്തിന്റെ പേരിൽ സർവവും നഷ്ടമായി ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്നവർ. തിരിച്ച് എങ്ങോട്ടു പോകുമെന്ന് അവർക്കറിയില്ല. ‘ഞങ്ങളുടെ വീടുകൾക്ക് തീയിട്ടു. ഇനി എങ്ങോട്ടാണ് പോവുക? ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എന്താണ്?ആരാണ് ഞങ്ങളെ സംരക്ഷിക്കുക?’ നിസ്സഹായരായി ഈ സ്ത്രീകൾ ചോദിക്കുന്നു.

delhi police caa protest delhi riots Reaction On Delhi Riot Women Victims
Advertisment