Advertisment

ഞാന്‍ വൈകാതെ തന്നെ  പൂര്‍ണ ആരോഗ്യവാനാവും അത് കഴിഞ്ഞ് എനിക്ക് ഉടന്‍ കടലിലേക്ക് മടങ്ങണം - അഭിലാഷ് ടോമി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഉടന്‍ കടലിലേക്കും തന്റെ പ്രിയപ്പെട്ട പായ്‌വഞ്ചി പ്രയാണത്തിലേക്കും മടങ്ങിയെത്തണമെന്ന ആഗ്രവുമായി മലയാളി നാവികന്‍ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമി ചികിത്സയില്‍ കഴിയുകയാണ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിലാഷ് തന്റെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തിയത്.

'ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഏറ്റ പരിക്കുകളില്‍ നിന്നും മോചിതനായിക്കൊണ്ടിരിക്കുകയാണ് ഞാന്‍ വൈകാതെ തന്നെ  പൂര്‍ണ ആരോഗ്യവാനാവും അത് കഴിഞ്ഞ് എനിക്ക് ഉടന്‍ കടലിലേക്ക് മടങ്ങണം. അപകടത്തില്‍ ഉണ്ടായ പരിക്കുകള്‍ മാരകമായിരുന്നു. ആ പരിക്കുകളുമായി മൂന്ന് ദിവസത്തോളം കഴിയേണ്ടി വന്നു. രക്ഷപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ സുഖവിവരം അറിയാനായി വിളിക്കുകയുണ്ടായി. പരിക്കുകളില്‍ നിന്ന് പൂര്‍ണമായും മോചിതനായി എനിക്ക് കടലിലേക്ക് തന്നെ മടങ്ങിയെത്തണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു - അഭിലാഷ് ടോമി വ്യക്തമാക്കി.

2018 ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തുരീയ എന്ന പായ്‌വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്ററോളം ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്. പായ്മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റിരുന്നത്.

നാവികസേനയില്‍ ലഫ്. കമാന്‍ഡറായ അഭിലാഷ് 2013-ല്‍ തന്റെ അതിസാഹസികമായ ലോകസഞ്ചാരം പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ചിരുന്നു. ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി അഭിലാഷ് ചരിത്രം കുറിച്ചു. 2012 നവംബറില്‍ മുംബൈ തീരത്തു നിന്ന് 'മാദേയി' എന്ന പായ്വഞ്ചിയില്‍ പുറപ്പെട്ട്, 23100 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ്.

Advertisment