നിര്‍മ്മലാ സീതാരാമനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധവും സെക്‌സിസ്റ്റുമാണ്; വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധവും ദയനീയവും സെക്‌സിസ്റ്റുമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. അതിനാലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടിയതെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

‘എന്താണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ കാരണമെന്ന് ഞങ്ങള്‍ രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്താവന ദയനീയവും, സെക്‌സിസ്റ്റും സ്ത്രീവിരുദ്ധവുമാണ്. അതിനാലാണ് ഞങ്ങള്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. സ്ത്രീകളെ വിലകുറച്ചു കാട്ടിയതിലൂടെ അദ്ദേഹം എന്താണ് അര്‍ത്ഥമാക്കിയതെന്ന് രാഹുല്‍ വിശദീകരിക്കണം.’ രേഖാ ശര്‍മ്മ പറഞ്ഞു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പകരം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

’56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കു… എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ…’ എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിനു പിന്നാലെ രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മോദി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ രാഹുലിന് നോട്ടീസ് അയക്കുകയായിരുന്നു.

×