വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തി വത്തിക്കാന്‍ സ്ഥിരീകരിച്ചു

സാബു ജോസ്
Saturday, March 24, 2018

റോം:  ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി നേടിയതു വത്തിക്കാനിലെ വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളുടെ സുപ്രധാനമായ ഘട്ടമാണ് ഇതോടെ പൂര്‍ത്തിയായത്.

വത്തിക്കാനില്‍ ഏഴു ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ കോണ്‍ഫറന്‍സാണ് അദ്ഭുത രോഗശാന്തി സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ഐകകണ്‌ഠ്യേന സ്ഥിരീകരിച്ചത്. തൃശൂര്‍ അതിരൂപതയിലെ പെരിഞ്ചേരി ഇടവകയിലുള്ള ചൂണ്ടല്‍ വീട്ടില്‍ ജോഷിയുടേയും ഷിബിയുടേയും മകനായ ക്രിസ്റ്റഫറിനാണ് അദ്ഭുത രോഗശാന്തി ലഭിച്ചത്.

പൂര്‍ണ വളര്‍ച്ചയെത്തുന്നതിനു മുമ്പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. ജീവന്‍ അപകടത്തിലാണെന്നു അമല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിച്ചിരുന്നു.

‘അക്യൂട്ട് റെസ്പിരേറ്ററി ഫെയ്‌ലിയര്‍’ എന്നാണു ഡോക്ടര്‍മാര്‍ രോഗത്തെ വിശേഷിപ്പിച്ചത്. കുടുംബാംഗങ്ങള്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയോടെ രോഗശാന്തിക്കായി പ്രാര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് മൂന്നാം ദിവസം 2009 ഏപ്രില്‍ ഒമ്പതിനാണ് അദ്ഭുത രോഗശാന്തിയുണ്ടായത്.

ക്രിസ്റ്റഫറിന്റെ ജനന സമയത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ റേരഖപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും രോഗശാന്തി നേടിയശേഷമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമാണ് വത്തിക്കാനിലെ മെഡിക്കല്‍ സംഘം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയത്. അദ്ഭുത രോഗശാന്തി സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് വത്തിക്കാന് വൈകാതെ കൈമാറും.

അദ്ഭുത രോഗശാന്തി സംബന്ധിച്ച റിപ്പോര്‍ട്ട് വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതിയും കര്‍ദിനാള്‍മാരുടെ സമിതിയും പരിശോധിക്കും. ഇതിനുശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുകയെന്ന് നാമകരണ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന പോസ്റ്റുലേറ്റര്‍ ഫാ. ബെനഡിക്ട് വടക്കേക്കര. ഒഎഫ്എം ക്യാപ്, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു, ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ സിഎച്ച്എഫ് എന്നിവര്‍ അറിയിച്ചു.

രണ്ടായിരാമാണ്ട് ഏപ്രില്‍ ഒമ്പതിനാണ് മറിയം ത്രേസ്യയെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതായി പ്രഖ്യാപിച്ചത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വര്‍ഷികദിനത്തിലാണ് അദ്ഭുത രോഗശാന്തിയുണ്ടായത്.

തൃശൂര്‍ ജില്ലയിലെ മാളയ്ക്കടുത്ത് പുത്തന്‍ചിറയില്‍ ചിറമ്മല്‍ മങ്കുടിയാന്‍ വീട്ടില്‍ തോമയുടേയും താണ്ട (അന്ന) യുടേയും മകളായി 1876 ഏപ്രില്‍ 26 നാണു മറിയം ത്രേസ്യയുടെ ജനനം. 1914 മേയ് 14 നാണ് ഹോളി ഫാമിലി സന്യാസ സമൂഹം സ്ഥാപിച്ചത്.

1926 ജൂണ്‍ എട്ടിനായിരുന്നു മരണം. 1973 ലാണു വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ ആരംഭിച്ചത്. 1981 ജനുവരിയില്‍ കുഴിക്കാട്ടുശേരിയിലെ കല്ലറ ദൈവശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധന നടത്തി. 1983 ലാണു നാമകരണ ട്രൈബ്യൂണല്‍ സ്ഥാപിതമായത്.

×