follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

അല്പം മുന്‍പ് ഒന്നിച്ചു പ്രഭാതഭക്ഷണം കഴിച്ച കൂട്ടത്തിലുള്ള 2 സിസ്റ്റര്‍മാരെ എന്‍റെ മുന്‍പില്‍ വച്ച് വെടിവെച്ചു കൊന്നു. മോചനദ്രവ്യത്തിനായി വീഡിയോ പിടിച്ചത് എന്നെ അടിക്കുന്നതുപോലെ ശബ്ദമുണ്ടാക്കിമാത്രം - എല്ലാം തുറന്നു പറഞ്ഞു ഫാ. ഉഴുന്നാലില്‍

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 21/09/2017

പതിനെട്ട് മാസത്തിന് ശേഷം ഭീകരവാദികളുടെ തടങ്കലിൽ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിൽ റോമിൽ സലേഷ്യൻ വാർത്താ ഏജൻസിയായ ANS (ഏജൻസിയ ഇൻഫോ സല്യേസിന) നു നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം.

ഫാ. ടോം എങ്ങനെയാണ് ഭീകരവാദികളുടെ തടവിൽ 18 മാസം ചിലവഴിച്ചത്? അവരെങ്ങനെയാണ് താങ്കളോട് പെരുമാറിയത്?

വളരെ വലിയൊരു കാത്തിരിക്കലായിരുന്നു ഇത്. പ്രാർത്ഥിക്കാനല്ലാതെ മറ്റെന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അവർ കുറച്ച് ദിവസം മാത്രമാണ് എന്റെ കൈകളും കാലുകളും ബന്ധിച്ച് ചലനങ്ങൾ പരിമിതപ്പെടുത്തിയത്. എന്നെക്കൊണ്ട് കഴിയുന്ന എല്ലാ നിയോഗങ്ങൾക്കായും പ്രാർത്ഥിക്കാൻ ഞാൻ ഈ സമയം ചിലവഴിച്ചു.എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കുകയും ടെക്‌നിക്കൽ ക്ലാസുകളെപ്പറ്റി ചിന്തിക്കുകയും കുറേ പാഠങ്ങൾ തയ്യാറാക്കുകയും ചെയ്തു. എല്ലാ രാത്രിയും ഞാൻ ഉറങ്ങിയിരുന്നു. തടവിലായിരുന്ന സമയത്ത് ഇങ്ങനെയാണ് ഞാൻ ദിവസങ്ങൾ ചിലവഴിച്ചത്. എന്നെ തടവിലാക്കിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചോ പുറത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റിയോ താൻ അറിഞ്ഞിരുന്നില്ല.

തടവിലാക്കിയവർ എന്നോടു മോശമായി പെരുമാറുകയോ എന്നെ പീഡിപ്പിക്കുകയോ ചെയ്തില്ല. അവർ എനിക്ക് മൂന്ന് നേരവും ആഹാരം നൽകി. ഒരിക്കൽ എന്നെക്കുറിച്ചും, എന്റെ കുടുംബത്തേക്കുറിച്ചും, ഞാൻ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും എനിക്കറിയാവുന്ന വ്യക്തികളെക്കുറിച്ചും വിശദമായി അവർ ചോദിച്ചറിഞ്ഞു.

അവരുടെ ബന്ദി ആയിരുന്നു ഞാൻ. ദിവസം മുഴുവനും സ്‌പോഞ്ചു പോലുള്ള ഒരു വസ്തുവിൽ നിലത്താണു ഞാൻ ഇരുന്നത്. അവർ എന്റെ കൈകളും കാലുകളും ബന്ധിച്ചിരുന്നു . ക്ഷീണിതനാകുമ്പോൾ കുറച്ച് സമയം ഞാൻ ഉറങ്ങും, ചിലപ്പോൾ അല്പം കിടക്കും. ഇങ്ങനെയായിരുന്നു തടവിൽ എന്റെ ദിവസങ്ങൾ.

ഏദനിൽ മറ്റുള്ളവർക്ക് നേർക്കുണ്ടായ അക്രമത്തെപ്പറ്റിയും സിസ്റ്റേഴ്‌സിന്റെ മരണത്തെയും കുറിച്ച് എന്താണു പറയാനുള്ളത്?

2016 മാർച്ചു 4 വെള്ളിയാഴ്ച ആയിരുന്നു ആ സംഭവം. അഞ്ച് സിസ്റ്റർമാർക്കായുള്ള മഠത്തിലെ ദിവ്യബലിയ്ക്കും ആരാധനയ്ക്കും ശേഷം ഞാൻ പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീട് വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കുറച്ചു സമയം കൂടി ഞാൻ ചാപ്പലിൽ ചിലവഴിച്ചു.

ഏകദേശം 8.40 നു ഞാൻ സിസ്റ്റഴ്‌സിന്റെ ഭവനത്തിൽ നിന്നു പുറത്തിറങ്ങിയ ഉടനെ ഒരു വെടിയൊച്ച കേട്ടു, ഒരു അക്രമി എന്റെ കൈയ്യിൽ കയറി പിടിച്ചു, ഞാൻ ഒരു ഇന്ത്യക്കാരനാണന്നു വിളിച്ചു പറഞ്ഞു. സ്ഥാപനത്തിന്റെ പ്രധാനവാതിലിനടുത്തുള്ള സുരക്ഷാമുറിയുടെ സമീപം ഒരു കസേരയിൽ അവൻ എന്നെ ഇരുത്തി.

സിസ്റ്റേഴ്‌സ് വൃദ്ധജനങ്ങളെ ശുശ്രൂഷിക്കുന്ന സ്ഥലത്തായിരുന്നു. അക്രമികളുടെ തലവൻ സിസ്റ്റേഴ്‌സിന്റെ അടുത്തേക്ക് ചെന്നു. തുടർന്നവരിൽ രണ്ട് പേരെ അയാളാദ്യം കൊണ്ടുവന്നു. പിന്നിടു തിരികെ പോകുകയും രണ്ട് സിസ്റ്റർമാരെ കൂടി പ്രധാന കവാടത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.

അഞ്ചാമത്തെ സിസ്റ്ററിനു വേണ്ടി സ്ഥാപനത്തിനുള്ളിൽ അയാൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസ്റ്റർമാരെ ബന്ധിച്ചിരിക്കുന്ന സ്ഥലത്തേക്കു വീണ്ടും വന്ന അയാൾ രണ്ടു പേരെ എന്റെ കൺമുമ്പിൽ നിന്ന് മാറ്റിയാണ് വെടിവെച്ച് കൊന്നത്.

മറ്റു രണ്ടു പേരെ എന്റെ സമീപം തന്നെ വെടിവെച്ചു കൊന്നു. ഈ സംഭവങ്ങളൊക്കെ ഞങ്ങളുടെ സ്ഥാപനത്തിനുള്ളിൽ തന്നെയാണ് നടന്നത്. സിസ്റ്റർമാരോടും അവരെ പീഡിപ്പിക്കുന്നവരോടും ക്ഷമിക്കണമേ എന്നും അവരോടു കരുണയുണ്ടാകണമേ എന്നും ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു. ഞാൻ കരയുകയോ മരണഭയം എന്നെ അലട്ടുകയോ ചെയ്തില്ല.പിന്നീട് അവൻ എന്നെ കാമ്പസിന്റ സമീപം പാർക്കു ചെയ്തിരുന്ന കാറിന്റെ ബൂട്ടിൽ (സാധനങ്ങൾ വയ്ക്കുന്ന സ്ഥലം) കയറ്റുകയും വാതിലടക്കുകയും ചെയ്തു. തുടന്നവൻ സിസ്റ്റർമാരുടെ ചാപ്പലിൽ കയറി വിശുദ്ധ കുർബാന അടങ്ങിയ സക്രാരി പുറത്തെടുത്ത് എന്നെ അടച്ചിട്ടിരിക്കുന്ന കാറിന്റെ ബൂട്ടിനു നേരെ വലിച്ചെറിഞ്ഞു. പിന്നീട് എന്നെയും കൊണ്ട് അകലേക്ക് അവർ കാർ ഡ്രൈവ് ചെയ്തുപോയി.

ഞാൻ കഠിനദു:ഖത്തിലായി. സിസ്റ്റേഴ്‌സിനോടും, കൊല ചെയ്യപ്പെട്ട മറ്റുള്ളവരോടും കരുണയായിരിക്കണമെയെന്നും കൊലയാളികളോട് ക്ഷമിക്കണമെയെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.

ദൈവഹിതത്തിന് കീഴ് വഴങ്ങാനും എപ്പോഴും വിശ്വസ്തനായിരിക്കാനും ശക്തിയും കൃപയും നൽകണമെയെന്ന് ഞാൻ ദൈവത്തോടു കേണപേക്ഷിച്ചു. ഈ ഭൂമിയിൽ ദൈവത്തിന് എന്നെ കൊണ്ടു നിറവേറ്റേണ്ട ദൗത്യത്തോട് എന്നും വിശ്വസ്തനാകാൻ ഞാൻ ആഗ്രഹിക്കുന്നു.

പ്രാർത്ഥനാ ജീവിതവും സലേഷ്യൻ കാരിസവും ബന്ദിയായിരിക്കുമ്പോൾ അങ്ങയെ എത്രമാത്രം സഹായിച്ചു?

എന്റെ സമയത്തിന്റെ ഭൂരിഭാഗവും പകലും രാത്രിയും പ്രാർത്ഥനയിലാണ് ഞാൻ ചെലവഴിച്ചിരുന്നത്. കർത്താവിന്റെ മാലാഖ ചൊല്ലിയാണു ഓരോ ദിവസവും ആരംഭിച്ചിരുന്നത്. കൊല്ലപ്പെട്ട ഓരോ സിസ്റ്റർമാർക്കും വേണ്ടി ഒരു സ്വർഗ്ഗസ്ഥനായ പിതാവും ഒരു നന്മ നിറഞ്ഞ മറിയവും ദിനംപ്രതി ചൊല്ലുമായിരുന്നു.

എന്റെ സഭയ്ക്കുവേണ്ടിയും പ്രോവിൻസിന് വേണ്ടിയും ഇടവകയ്ക്ക് വേണ്ടിയും കുടുംബാംഗങ്ങൾക്കുവേണ്ടിയും മറ്റ് നിരവധി നിയോഗങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നത് തുടർന്നു. എന്നെ തടവിലാക്കിയവരോട് ക്ഷമിക്കണമേയെന്നും അവർക്ക് മാനസാന്തരമുണ്ടാകണമേ എന്നും ഞാൻ പ്രാർത്ഥിച്ചിരുന്നു.

ദിവ്യബലിയർപ്പണത്തിന് ഓസ്തിയോ വീഞ്ഞോ, കുർബാന പുസ്തകങ്ങളോ എനിക്കുണ്ടായിരുന്നില്ല, എങ്കിലും എല്ലാ ദിവസവും ഞാൻ ആത്മനാ ദിവ്യബലി അർപ്പിച്ചിരുന്നു. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ഏതെങ്കിലും സംഭവങ്ങൾ എല്ലാ ദിവസവും വായിക്കുന്നതിനായി ഞാൻ എടുത്തിരുന്നു.

സുവിശേഷ ഭാഗങ്ങൾക്കായി യേശുവിന്റെ അത്ഭുതങ്ങളോ ഉപമകളോ അല്ലങ്കിൽ യേശുവിന്റെ ജീവിതത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ ഞാൻ തെരത്തെടുത്ത് ധ്യാനിച്ചിരുന്നു. മരണമടഞ്ഞ എല്ലാ സലേഷ്യൻ സഭാംഗങ്ങൾക്കു വേണ്ടിയും കുടുംബാംഗങ്ങൾക്കു വേണ്ടിയും ഇടവകകാർക്കു വേണ്ടിയും എനിക്കറിയാവുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു.

എനിക്കു പ്രാർത്ഥിക്കാൻ കഴിയുന്നടത്തോളം നിയോഗങ്ങൾ സമർപ്പിച്ച് ഞാൻ പ്രാർത്ഥിച്ചിരുന്നു. എന്റെ മോചനം ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു സാധ്യമാകണമേ എന്നും ഞാൻ പ്രാർത്ഥിച്ചിരുന്നു. ജപമാല ചൊല്ലി മിക്കപ്പോഴും ഞാൻ പ്രാർത്ഥിച്ചിരുന്നു. എന്നാൽ അവരുടെ അറബിയിലുള്ള സംസാരം മൂലം മനസ്സിന് എകാഗ്രത നഷ്ടപെട്ടിരുന്നതിനാൻ ചിലപ്പോൾ പ്രാർത്ഥിക്കാൻ കഴിഞ്ഞിരുന്നില്ല.

അച്ചന്റെ മോചനമാവശ്യപ്പെട്ടുള്ള ആ വീഡിയോ നിർമ്മിച്ചതെങ്ങനെ?

അതെല്ലാം വളരെ ആസൂത്രിതമായി ചെയ്തതാണ്. കുറച്ച് പണത്തിനായി തങ്ങൾ ഒരു വീഡിയോ നിർമ്മിക്കുകയാണെന്ന് അവർ മുൻപെ എന്നോട് പറഞ്ഞിരുന്നു. അവരെ അനുസരിക്കുകയല്ലാതെ എനിക്ക് മറ്റുവഴികളുണ്ടായിരുന്നില്ല.

കുറെ ശബ്ദമുണ്ടാക്കി എന്നെ അടിക്കുന്നതുപോലെയും തൊഴിക്കുന്നതുപോലെയും അവർ അഭിനയിച്ചു. പക്ഷേ, അവർ എന്നെ ഒരിക്കലും ഉപദ്രവിച്ചിരുന്നില്ല. വീഡീയോ ദൃശ്യങ്ങൾ വഴി തങ്ങൾക്ക് പെട്ടന്ന് മോചനദ്രവ്യം ലഭിക്കുമെന്നാണ് അവർ കരുതിയത്.

മോചിതനായ ശേഷം എന്ത് തോന്നുന്നു ?

എനിക്കായി ദൈവം വലിയൊരു അത്ഭുതം പ്രവർത്തിച്ചിരിക്കുന്നു. മറ്റൊരു ജീവതം തന്നിരിക്കുന്നു. അവൻ എന്നെ രക്ഷിച്ചെങ്കിൽ ഇപ്പോഴും അവനെന്നെക്കുറിച്ച് കുറച്ചു പദ്ധതികൾ കൂടിയുണ്ടെന്നാണ് അർത്ഥം. ദൈവത്തിനായി ഒരു സാക്ഷിയായി എനിക്കു ജീവിക്കണം.

സർവ്വശക്തനായ ദൈവത്തിനു ഞാൻ നന്ദി പറയുന്നു. ഇന്ത്യയിലും വത്തിക്കാനിലുമുള്ള സഭാധികാരികൾ, സലേഷ്യൻ സഭ, എന്റെ കുടുബം എന്റെ മോചനത്തിനു വേണ്ടി പ്രാർത്ഥിച്ച ഓരോ വ്യക്തികൾക്കും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. തീർച്ചയായും ഈ പ്രാർത്ഥനകൾ ഒന്നുകൊണ്ടു മാത്രമാണ് എന്റെ ജീവനോട് ദയ കാണിക്കപ്പെട്ടത്.പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അച്ചനെന്ത് തോന്നുന്നു?

എന്റെ ബന്ധനം എനിക്കു സമ്മാനിച്ച മറ്റൊരു വലിയ അനുഗ്രഹമാണിത്. ഞാൻ കരഞ്ഞുകൊണ്ടാണ് എന്റെ അനുഭവങ്ങൾ പിതാവിനോട് പങ്ക് വെച്ചത്. പാപ്പ വളരെ കരുണാർദ്രനും, അനുകമ്പയും കരുതലുമുള്ളയാളാണ്. രണ്ടു പ്രാവശ്യമാണ് അദ്ദേഹം എന്റെ കരം ചുംബിച്ചത്.

ഇതിൽ കൂടുതലൊന്നും എനിക്കാഗ്രഹിക്കാനാകില്ല. . ഒരു പുതിയ ജീവിതം എനിക്ക് കിട്ടിയിരിക്കുന്നു. ലോകമെങ്ങും എനിക്കായി പ്രാർത്ഥിച്ച വ്യക്തികൾക്കു നന്ദി പറയാൻ ഞാൻ പരിശുദ്ധ പിതാവിനോടു അപേക്ഷിച്ചട്ടുണ്ട്.

എന്താണ് അച്ചന്റെ അടുത്ത പദ്ധതികൾ ? ഇന്ത്യയിലേക്ക്‌ ഉടൻ മടങ്ങുന്നുണ്ടോ?

ഇപ്പോൾ ഞാൻ അനാരോഗ്യവാനാണ്, പക്ഷേ നല്ല മരുന്നുകളും ഭക്ഷണവും കൊണ്ടു ഞാൻ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു പരിശോധനകൾ കൂടി നടത്താനുണ്ട്. വേഗം ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ. ഏദനിൽ ആയിരുന്നപ്പോൾ 82 കിലോയായിരുന്നു എന്റെ ഭാരം. എന്നാൽ മോചിപ്പിക്കപ്പെട്ട സമയത്ത് ഞാൻ 55 കിലോയെ ഉണ്ടായിരുന്നുള്ളു.

മരുന്നും ഭക്ഷണവും കൊണ്ടു പതുക്കെ ആരോഗ്യം വീണ്ടെടുക്കുക്കുകയാണിപ്പോൾ. ദൈവത്തിന്റെ കൃപയും നിങ്ങളുടെ പ്രാർത്ഥനകളും എന്നെ സഹായിക്കുമെന്നു എനിക്കു ഉറച്ച വിശ്വാസമുണ്ട്. ദൈവത്തിന്റെ ഹിതം നിറവേറ്റുക അല്ലാതെ വേറൊരു പദ്ധതിയും എനിക്കില്ല.

ഇന്ത്യയിലേക്ക് മടങ്ങാൻ തീർച്ചയായും എനിക്ക് ആഗ്രഹമുണ്ട്. എല്ലാവർക്കും നന്ദി പറയാനും എന്റെ ആളുകളെ കാണാനും ഞാൻ കാത്തിരിക്കുന്നു. യാത്ര ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തെന്ന് ഡോക്ടർമാർ പറയും വരെ എനിക്ക് കാത്തിരുന്നേ പറ്റു. അതിനു കുറച്ചു സമയം കൂടി എടുക്കും. കുറച്ചു സമയം കൂടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.

കടപ്പാട് : സണ്‍ഡേ ശാലോം

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+