ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണം; അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 25, 2021

തിരുവനന്തപുരം: ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഏകദേശം പത്തു ലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നു പോവുകയാണ്. നൂറുകണക്കിന് ആള്‍ക്കാര്‍ ഓക്‌സിജന്‍റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്. കേരളത്തില്‍ നിന്ന് ഒരു എയര്‍ ലോഡ് ഓക്‌സിജന്‍ എങ്കിലും എത്തിക്കാനായാല്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാവും.

കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഭാവിയിലെ എമര്‍ജന്‍സി കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അത് കൂടി മനസിലാക്കി സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരള ഹൗസിൽ ഓപ്പണ്‍ മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങുന്നത് നല്ലതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

×