കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് യു.ഡി.എഫ്. 20 ല്‍ 19 സീറ്റും നേടിയ കാര്യം മറന്നുപോകരുത്; എല്‍.ഡി.എഫ്. സര്‍ക്കാരിനെ തൂത്തെറിഞ്ഞ് യു.ഡി.എഫ്. വമ്പിച്ച ഭൂരിപക്ഷം നേടും; പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 30, 2021

തിരുവനന്തപുരം:  പിണറായിയുടേത് പരാജിതന്റെ കപട ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  . യു.ഡി.എഫിന് ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകും. എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണെന്നും സര്‍വ്വേ ഫലങ്ങള്‍ കേരളത്തിന്റെ ജനവികാരം മനസ്സിലാക്കാതെ ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് യു.ഡി.എഫ്. 20 ല്‍ 19 സീറ്റും നേടിയ കാര്യം മറന്നുപോകരുത്. അഴിമതിയും കൊള്ളരുതായ്മയും നടത്തിയ എല്‍.ഡി.എഫ്. സര്‍ക്കാരിനെ ജനം തൂത്തെറിഞ്ഞ് യു.ഡി.എഫ്. വമ്പിച്ച ഭൂരിപക്ഷം നേടും.

കഴിഞ്ഞ 5 വര്‍ഷവും അഴിമതിയും കൊള്ളരുതായ്മയും നടത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. ഇതിന്റെ പ്രതിഫലനമായിരിക്കും ഞായറാഴ്ച വോട്ടെണ്ണലിലൂടെ പുറത്തുവരാന്‍ പോകുന്നത്.

ജനങ്ങളുടെ യാഥാര്‍ത്ഥ ബോധ്യത്തെ പ്രതിഫലിപ്പിക്കാന്‍ ഒരു എക്‌സിറ്റി പോള്‍ സര്‍വ്വേകള്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു ദേശീയ സര്‍വ്വേ ഫലം പറയുന്നത് യു.ഡി.എഫിന് 20 നു താഴെ സീറ്റാണ്. ഇത്തരത്തിലാണ്‌ നീതീകരിക്കാനോ ന്യായീകരിക്കാനോ കഴിയാത്ത സത്യത്തിന്റെ പുലബന്ധം പോലുമില്ലാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്.

ഈ സര്‍വ്വേ ഫലങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഗവണ്‍മെന്റ് ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

×