ആരാണീ ടോം വടക്കന്‍.? എനിക്ക് അറിയില്ല ; കേരളത്തിലെ കോണ്‍ഗ്രസിന് ടോം വടക്കനെ പറ്റി ഒരു ധാരണയില്ലെന്ന് രമേശ് ചെന്നിത്തല ; ‘കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കൊണ്ടുവന്നിരിക്കുന്ന പീഡനക്കേസ് സിപിഎമ്മിന്റെ ഉണ്ടയില്ലാ വെടി ‘

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, March 15, 2019

ന്യൂഡല്‍ഹി:  ടോം വടക്കനെ തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ആരാണീ ടോം വടക്കന്‍ എന്ന് അറിയില്ലെന്നും എ.ഐ.സി.സി.യുടെ മാധ്യമവിഭാഗത്തില്‍ അങ്ങനൊരാള്‍ ഇപ്പോള്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന് ടോം വടക്കനെ പറ്റി ഒരു ധാരണയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

ടോം വടക്കന്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്ന് വിമര്‍ശിച്ചായിരുന്നു ടോം വടക്കന്റെ ബിജെപി പ്രവേശനം

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കൊണ്ടുവന്നിരിക്കുന്ന പീഡനക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവരുന്ന കേസാണിത്. സിപിഎമ്മിന്റെ ഉണ്ടയില്ലാ വെടി മാത്രമാണ് ഈ കേസെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഡല്‍ഹിയില്‍ വച്ച് നടക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെയായിരിക്കും കോണ്‍ഗ്രസ് പ്രഖ്യാപിക്കുക. മതേതര നിലപാടില്‍ ഉറച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനനുസരിച്ച സ്ഥാനാര്‍ത്ഥികളെ വേണ്ടത്ര കൂടിയാലോചനകള്‍ക്ക് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

×