Advertisment

സര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്ര അനുമതിയും പരിസ്ഥിതി അനുമതിയും ഇല്ലാതെ; സ്പീഡ് റെയില്‍ പദ്ധതി ചട്ടലംഘനമെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: കേന്ദ്ര അനുമതിയും പരിസ്ഥിതി അനുമതിയും ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെന്നും ഇതിനെല്ലാം പിന്നിലെ ലക്ഷ്യം കണ്‍സള്‍ട്ടന്‍സി കമ്മിഷനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാഥമികമായ കാര്യങ്ങളൊന്നും ചെയ്യാതെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു.

Advertisment

publive-image

അതിന്റെ മറവില്‍ കണ്‍സള്‍ട്ടന്‍സികളെ കൊണ്ടുവരിക. അതില്‍ നിന്ന് കമ്മീഷന്‍ തട്ടുക, ഇത് ഈ സര്‍ക്കാരിന്റെ ഒരു ശൈലിയായി മാറിയിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്രം നിരാകരിച്ച സില്‍വര്‍ലൈന്‍ സ്പീഡ് റെയില്‍ പദ്ധതി ചട്ടലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അട്ടിമറിച്ചാണ് സെമി ഹൈസ്പീഡ് റെയില്‍വേ എന്ന പുതിയ ആശയം മുന്നോട്ടുവച്ചത്. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയാണിത്. തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോയുടെ നടപടികള്‍ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ആ പദ്ധതി ഈ സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു.

വയനാട് തുരങ്കപാതയ്ക്ക് അടുത്തിടെയാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. മലതുരന്നുള്ള പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. അതിനുള്ള അപേക്ഷ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പരിസ്ഥിതി ആഘാത പഠനവും സാങ്കേതിക പഠനവും പ്രോജക്ട് റിപ്പോര്‍ട്ടുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ കല്ലിടല്‍. കണ്‍സള്‍ട്ടന്‍സി കമ്മീഷനാണ് ഇതിന്റെയും ലക്ഷ്യം.

സില്‍വര്‍ലൈന്‍ സ്പീഡ് റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ചട്ടലംഘനമാണ്. കേന്ദ്രം തള്ളിയ പദ്ധതിക്കായി 34,000 കോടി രൂപ വിദേശത്തുനിന്നു സമാഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു. വന്‍ തട്ടിപ്പ് നടത്താനുള്ള നീക്കമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പിന്നില്‍.

റവന്യു വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നത്. ഈ മാസം 20ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ എടുത്ത തീരുമാനം വിചിത്രമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയം നിരാകരിച്ച ഈ പദ്ധതിയുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. 64941 കോടിയാണ് ഈ പദ്ധതിക്ക് കണക്കാക്കിയിരിക്കുന്നത്. അതിന്റെ 28 ശതമാനം സംസ്ഥാന സര്‍ക്കാരും 20 ശതമാനം കേന്ദ്ര സര്‍ക്കാരും നല്‍കണം.

ബാക്കി 52 ശതമാനം വിവിധ വിദേശ ഏജന്‍സികളില്‍ നിന്ന് സമാഹരിക്കണം എന്നാണ് പറയുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി പദ്ധതി പരിശോധിച്ച് സെപ്റ്റംബറില്‍ തള്ളിയതാണ്. കേന്ദ്രം ഉപേക്ഷിച്ച ഈ പദ്ധതി എങ്ങനെ സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് പറയണം

. റെയില്‍വേ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചിട്ടില്ല. ഇ.ശ്രീധരനെ പദ്ധതിയില്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

remesh chennithala
Advertisment