Advertisment

തെറ്റ് ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കില്‍ അത് ഇനിയും ആവര്‍ത്തിക്കും: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: എല്ലാ കാര്യങ്ങളിലും യു ടേണ്‍ അടിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഒരു ആലോചനയുമില്ലാതെ പ്രവാസികളെ കൊണ്ടുവരുന്നതില്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തതിനെ ചോദ്യം ചെയ്തപ്പോള്‍ പ്രതിപക്ഷം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Advertisment

publive-image

തെറ്റായ നടപടി ചൂണ്ടിക്കാട്ടുന്നത് കുത്തിത്തിരിപ്പാണെങ്കില്‍ അത് ഞങ്ങള്‍ ആവര്‍ത്തിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ 140 നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറയറ്റിനു മുന്നില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളോടു കേറിവാടാ മക്കളേ എന്നു പറഞ്ഞ മുഖ്യമന്ത്രി പിന്നീട് ആരും ഇങ്ങോട്ടു വരണ്ട എന്ന നിലപാട് എടുത്തു. ഇപ്പോള്‍ വൈകി കോവിഡ് നെഗറ്റീവ് ടെസ്റ്റിനു പകരം പി.പി.ഇ. കിറ്റ് മതി എന്നു പറയുന്നു. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.മരണമടഞ്ഞ പ്രവാസികളുടെ പടം പ്രസിദ്ധീകരിച്ച മാധ്യമം പത്രത്തെ സാമൂഹിക വിരുദ്ധര്‍ എന്നു പറഞ്ഞു ആക്ഷേപിച്ചു.

സര്‍ക്കാരിന്റെ തലതിരിഞ്ഞ തീരുമാനങ്ങളെക്കുറിച്ചു വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെയം പ്രതിപക്ഷത്തെയും ആക്ഷേപിക്കുന്നു. ഞങ്ങളെ ആക്ഷേപിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല.

കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ് പ്രവാസികള്‍. ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു പത്തുലക്ഷം രൂപയെങ്കിലും നല്‍കണം.

ലോക്ഡൗണ്‍ തുടങ്ങിയ സമയത്തുതന്നെ ഇവരെ സമയബന്ധിതമായി കൊണ്ടുവന്നിരുന്നെങ്കില്‍ ഇപ്പോഴുള്ള പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. അതിനുപകരം പ്രവാസികള്‍ വരാതിരിക്കാനായി തലതിരിഞ്ഞ ഉത്തരവുകള്‍ ഇറക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. ഇപ്പോള്‍ അതെല്ലാം വേണ്ടെന്നു വയ്‌ക്കേണ്ടണ്ടിവന്നത് പ്രവാസി ലോകത്തിന്റെയും പ്രതിപക്ഷത്തിന്റെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മാധ്യമങ്ങളും മുഖ്യപങ്ക് വഹിച്ചു.

ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കണം. പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്ത് വരാന്‍ ആഗ്രഹിക്കുന്ന വരെ കൊണ്ടുവരണം. ഇപ്പോള്‍തന്നെ പ്രവാസിസംഘടനകളായ കെ.എം.സി.സി. യും ഇന്‍കാസും ഒ.ഐ.സി.സി.യും ആണ് ചെയ്തത്. അവരെ ഞാന്‍ പ്രത്യേകം അഭിന്ദിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

കോവിഡ് കാലം സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്റെയും കൊയ്ത്ത് കാലമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്ഥാപിത താത്പര്യക്കാരുടെ താത്പര്യമാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ കടക്ക് പുറത്ത് എന്നു പറഞ്ഞു ആക്ഷേപിക്കുന്ന പ്രവാസികളോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ വഞ്ചനയാണ്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണു ഇന്ന് കേരളം ഭരിക്കുന്നത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നു സര്‍ക്കാര്‍ മറക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

യു.ഡി.എഫ്. നേതാക്കളായ സി.പി.ജോണ്‍, ബാബു ദിവാകരന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ., അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, കെ.പി. അനില്‍കുമാര്‍, മണ്‍വിള രാധാകൃഷ്ണന്‍ നെയ്യാറ്റിന്‍കര സനല്‍, ബീമാപള്ളി റഷീദ്, സഹായദാസ്, വി.എസ്. മനോജ്കുമാര്‍, റ്റി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

remesh chennithala
Advertisment