Advertisment

യുവതികളെ തടയാന്‍ സംഘടിത നീക്കം; അയ്യപ്പ ഭക്തന്മാര്‍ക്കൊപ്പം ഇടകലര്‍ന്ന് പ്രതിഷേധക്കാരും; സന്നിധാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു

New Update

Advertisment

നിലയ്ക്കല്‍: പമ്പ മുതല്‍ സന്നിധാനം വരെ അയ്യപ്പന്മാര്‍ക്കൊപ്പം ഇടകലര്‍ന്ന് പ്രതിഷേധക്കാര്‍. സന്നിധാനത്ത് മാത്രം മുപ്പതോളം പേരുണ്ടെന്ന് സംഘാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാകുമാരി അതിര്‍ത്തിയില്‍ നിന്നെത്തിയത് 100 പേരാണ്. സംസ്ഥാനത്തിന്റെ മറ്റനേകം ഭാഗങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ അയ്യപ്പ സംഘത്തിലുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം സന്നിധാനത്ത് സുരക്ഷയ്ക്ക് 210 പൊലീസുകാരെ നിയോഗിച്ചു. അസംഘടിതമായി നിന്ന ശേഷം വേഗത്തില്‍ പ്രതിഷേധിക്കുകയാണ് തന്ത്രം. യുവതികള്‍ എത്തിയാല്‍ തടയുകയാണ് ഇവരുടെ ദൗത്യമെന്നും പൊലീസ് പറഞ്ഞു. കാനനപാതയില്‍ പ്രതിഷേധക്കാര്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.പ്രശ്‌നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ഇതിനിടെ,തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്‍സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടു. എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് കേൾപ്പിച്ചത്. ഒരു ആര്‍എസ്എസ് നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തുവിടാം എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബ്ദസന്ദേശം പുറത്ത് വിട്ടത്.

‘സ്വാമി ശരണം, നമസ്തേ, ഞാൻ എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണ് സംസാരിക്കുന്നത്. ഇപ്പോൾ അത്യാവശ്യമായി ഈ വോയ്‍സ് മെസ്സേജ് ഇടുന്നത്, ഏതെങ്കിലും അയ്യപ്പഭക്തർ നിലയ്ക്കലേയ്ക്ക് പോകാൻ തയ്യാറായി നിൽക്കുകയാണെങ്കിൽ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാൽ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്.

തൽക്കാലം പോകാൻ നിൽക്കുന്ന ഭക്തർ കൈയിൽ ഇരുമുടിക്കെട്ട് പോലെത്തന്നെ, ഇരുമുടിക്കെട്ടിൽ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക, നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിക്കുക, അപ്പോഴേക്ക് നിങ്ങളെ കോൺടാക്ട് ചെയ്തുകൊണ്ട് മറ്റൊരു നമ്പർ തരും, ആ നമ്പറിൽ ബന്ധപ്പെടുമ്പോഴേക്ക് നിങ്ങൾക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കൽ ഭാഗത്ത് നിന്നുണ്ടാകും. എത്രയും പെട്ടെന്ന് എത്താൻ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തുക, സ്വാമി ശരണം.’

ഇങ്ങനെയാണ് എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്നയാളുടെ ശബ്ദസന്ദേശം.

തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് ഇന്നലെത്തന്നെ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നതാണ്. ഇന്ന് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്താനെത്തിയതും അയ്യപ്പഭക്തരുടെ വേഷം ധരിച്ചാണ്. മരക്കൂട്ടത്തിനടുത്ത് ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തക സുഹാസിനി രാജിനെതിരെ ആക്രമണം നടത്തിയതും കറുപ്പുടുത്ത ഒരു സംഘമാളുകളാണ്.

Advertisment