റിസര്‍വ് ബാങ്കിന്‍റെ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, December 5, 2018

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ നയം റിസര്‍വ് ബാങ്ക് ധനനയ സമിതി യോഗം ഇന്ന് അവലോകനം ചെയ്യും. അവലോകന യോഗ തീരുമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊർജിത് പട്ടേല്‍ പ്രഖ്യാപിക്കും.

റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ആറംഗ ധനനയ സമിതി തീരുമാനിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. നാണയപ്പെരുപ്പം താഴുന്നതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും പരിഗണിച്ച് പലിശ നിരക്കില്‍ തല്‍ക്കാലം മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ലെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് നടന്ന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

റിസര്‍വ് ബാങ്കും – കേന്ദ്ര സര്‍ക്കാരും തമ്മില്‍ അധികാര തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ ധനനയ അവലോകന യോഗ തീരുമാനങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്.

 

×