Advertisment

രേഷ്മ വധം; 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്, ആത്മഹത്യ സൂചന കേസ് അട്ടിമറിക്കാൻ? ഷർട്ട് ധരിക്കാതെ ഓടിയ അപരിചിതനെ തിരഞ്ഞ് പൊലീസ്‌

New Update

ഇടുക്കി : പള്ളിവാസൽ പവർഹൗസിൽ പ്ലസ്ടു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ 3 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. വണ്ടിത്തറയിൽ രാജേഷ് - ജെസി ദമ്പതികളുടെ മകൾ രേഷ്മ (17) കുത്തേറ്റു മരിച്ച കേസിലെ പ്രതി നീണ്ടപാറ വണ്ടിത്തറയിൽ അരുണിനെയാണു (അനു-28) പൊലീസ് തിരയുന്നത്. നിർണായക തെളിവുകളുടെ അഭാവത്തിൽ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചു.

Advertisment

publive-image

അരുണും രേഷമയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് രേഷ്മയുടെ മൃതദേഹം പവർഹൗസിനു സമീപത്തെ ഈറ്റക്കാട്ടിൽ കണ്ടെത്തിയത്. അരുൺ പിതാവിന്റെ അർധസഹോദരനായതിനാൽ രേഷ്മ ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചതാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് ഇടതു നെഞ്ചിൽ കുത്തേറ്റാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ ഇന്നലെ ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു കൃത്യം നടന്ന സ്ഥലത്തു പരിശോധന നടത്തി.

7 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം താനും ആത്മഹത്യ ചെയ്യുമെന്നു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതു പൊലീസിനെ വഴിതെറ്റിക്കാനുള്ള ശ്രമമാണോ എന്നു സംശയമുണ്ട്.

കൊലപാതകത്തിനു മുൻപു തന്നെ അരുൺ തന്റെ മൊബൈൽ ഫോൺ ഒടിച്ചു കളഞ്ഞിരുന്നു. ഫോണിന്റെ ഭാഗങ്ങൾ പവർഹൗസിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണു പൊലീസിനു ലഭിച്ചത്. കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപ് പ്രതി സ്ഥലത്തെത്തി കാര്യങ്ങൾ മനസ്സിലാക്കി വച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇയാൾ പലതവണ ഇവിടെ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി, ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബി എന്നിവർ ഇന്നലെ പരിശോധനയ്ക്കു നേതൃത്വം നൽകി.

വെള്ളിയാഴ്ച രേഷ്മയുടെ കൊലപാതകം നടന്നതിനു ശേഷം ഞായറാഴ്ച വൈകിട്ട് ആറോടെ പവർഹൗസിനു സമീപം ഷർട്ട് ധരിക്കാതെ ഒരാൾ ഓടി മറയുന്നത് കണ്ടതായി ചില നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് ഞായറാഴ്ച വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമ്പോൾ റോഡിനു മുകൾ ഭാഗത്ത് കുറ്റിക്കാട്ടിൽ ആളനക്കം കേട്ടെന്നാണ് ഇവർ പറയുന്നത്.

അതിനു ശേഷം ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ ചെകുത്താൻമുക്കിലും ഷർട്ട് ധരിക്കാത്ത അപരിചിതനെ കണ്ടതായി നാട്ടുകാർ പറയുന്നു. പൊലീസും നാട്ടുകാരും ചേർന്ന് ഇവിടം വളഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സംശയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്.

murder case
Advertisment