ഭോപ്പാല്‍: വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വൈകുന്നതും, ആവശ്യമായ അനുമതികള്‍ നല്‍കാത്തതിനും പഞ്ചായത്ത് സെക്രട്ടറിയെ തെരുവിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് പ്രതിഷേധിച്ച് ഗ്രാമീണര്‍. മധ്യപ്രദേശിലെ രത്‌ലമിലെ ഖേദി എന്ന ഗ്രാമത്തിലെ ആളുകളാണ് സഹികേട്ട് ഇത്തരം ഒരു പ്രവര്‍ത്തനം നടത്തിയത്.

publive-image

പ്രദേശത്തെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് ചെളിനിറഞ്ഞ നിലയിലാണ്. കുടിവെള്ളമില്ല. ശുചീകരണവും നടക്കാതെ പ്രദേശമാകെ മലിനമായി കിടക്കുകയാണ്. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നു. ദുരവസ്ഥയ്ക്ക് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പല തവണ നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചു. എന്നാല്‍ സെക്രട്ടറി നിഷേധാത്മക നിലപാട് തുടരുകയായിരുന്നു.

വെള്ളിയാഴ്ചയും നാട്ടുകാര്‍ സെക്രട്ടറിയെ സമീപിച്ചു. അനുകൂലമായി തീരുമാനങ്ങള്‍ എടുക്കില്ലെന്ന് വ്യക്തമായതോടെ രോഷാകുലരായ ഗ്രാമീണരില്‍ ചിലര്‍ ഇയാളെ പോസ്റ്റില്‍ പിടിച്ചുകെട്ടിയിട്ടു. പോലീസ് എത്തിയാണ് ഒടുവില്‍ ഇയാളെ രക്ഷപ്പെടുത്തിയത്.