Advertisment

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

New Update

publive-image

Advertisment

സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റാറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് ചരിത്രം കുറിച്ച നിയമഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്. സ്ത്രീകള്‍ക്ക് അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് ജോലിചെയ്യാന്‍ കഴിയുന്ന തൊഴിലിടങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴിലിടങ്ങളില്‍ ലിംഗസമത്വം നടപ്പാക്കുമെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴില്‍നയത്തില്‍ പ്രഖ്യാപിച്ചിരുന്നു.

അതിരാവിലെ മുതല്‍ വൈകീട്ട് ജോലി കഴിയുന്നതുവരെ അഞ്ചുമിനുട്ട് പോലും ഇരിക്കാന്‍ സ്ത്രീതൊഴിലാളികള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അതികഠിനമായ തൊഴില്‍സാഹചര്യമാണ് അവര്‍ നേരിടുന്നത്. ജോലിക്കിടയില്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീതൊഴിലാളികള്‍ സമരരംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രന്റീസുകള്‍ ഉള്‍പ്പെടെ ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന എല്ലാ വിഭാഗം തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളി എന്ന നിര്‍വചനത്തിന്‍െ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി തൊഴിലാളി എന്ന പദത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തും.

നിയമലംഘനങ്ങള്‍ക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി. സ്ഥാപനത്തില്‍ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരുതൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക.

Advertisment