സ്വന്തം പാര്‍ട്ടി പുറത്തുനിര്‍ത്തിയപ്പോള്‍ സിപിഎ൦ നേതാക്കള്‍ ക്ഷണവുമായെത്തി, കോണ്‍ഗ്രസുകാര്‍ പിന്നാലെ നടന്നു വേട്ടയാടിയപ്പോള്‍ സംരക്ഷിച്ചത് യൂത്ത് ലീഗും എംഎസ്എഫു൦ – പാര്‍ട്ടിയോഗത്തില്‍ പൊട്ടിത്തെറിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Monday, July 9, 2018

കണ്ണൂർ∙ പാര്‍ട്ടി യോഗത്തില്‍ പൊട്ടിത്തെറിച്ച് സസ്പെന്‍ഷനിലായി തിരിച്ചെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. സ്വന്തം പാർട്ടിക്കാർ പിന്നാലെ നടന്നു വേട്ടയാടിയപ്പോൾ പിടിച്ചുനിൽക്കാൻ ശക്തി നൽകിയതു യൂത്ത് ലീഗും എംഎസ്എഫുമാണെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് ലോക്സഭാ കമ്മിറ്റി ജനറൽ ബോഡി യോഗത്തി യോഗത്തിൽ വികാരാധീനനായി റിജിൽ മാക്കുറ്റിയുടെ പ്രതികരണം .

കശാപ്പ് നിരോധനത്തിനെതിരെ സമരം ചെയ്തതിന്റെ പേരിലാണ് റിജിൽ മാക്കുറ്റിയെ കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തത്. പാര്‍ട്ടിക്ക് പുറത്തുനിന്നപ്പോള്‍ പാർട്ടിയിൽ ചേരാൻ സിപിഎമ്മിൽനിന്നു ക്ഷണം ലഭിച്ചിരുന്നതായും റിജില്‍ വെളിപ്പെടുത്തി . യൂത്ത് ലീഗ് നേതാക്കളും സമീപിച്ച്, അവർക്കൊപ്പം പ്രവർത്തിക്കാൻ ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി ആദ്യം ഫെയ്സ്ബുക്ക് വഴിയും പിന്നീട് നേരിട്ടും പാ‍ർട്ടിയിലേക്കു ക്ഷണിച്ചു. താൽപര്യമുണ്ടെങ്കിൽ ജില്ലാ സെക്രട്ടറിയെക്കൊണ്ടു വിളിപ്പിക്കാം എന്നു മറ്റൊരു യുവ നേതാവും പറഞ്ഞു. യൂത്ത് ലീഗും സംഘടനയുടെ ഭാഗമാക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂരിനു പുറത്തുള്ള ജില്ലകളിൽ യൂത്ത് ലീഗിന്റെ പല പരിപാടികളുടെയും ഉദ്ഘാടകനാക്കി.

തന്റെ സസ്പെൻഷൻ പിൻവലിപ്പിക്കാൻ രമേശ് ചെന്നിത്തലയും കെ. സുധാകരനും നടത്തിയ ശ്രമങ്ങൾക്കു പാരവച്ചത് ജില്ലയിൽനിന്നുതന്നെയുള്ള മറ്റൊരു നേതാവിന്റെ അടുപ്പക്കാരാണ്. ഇവർ ഡൽഹി വഴി ഓപ്പറേഷൻ നടത്തി. സുധാകരന്റെ ശക്തി ക്ഷയിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഡിവൈഎഫ്ഐക്കാർ കണ്ണൂർ ഡിസിസി ഓഫിസ് ആക്രമിച്ചതുപോലും തന്റെ തലയിൽ വച്ചുകെട്ടി. ഇതിനായി ഗൂഢാലോചന നടത്തി. എന്നിട്ടും പാർട്ടിയിൽ പിടിച്ചുനിന്നു.

ഒടുവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിട്ടു കണ്ടതിനുശേഷമാണു സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതെന്നും റിജില്‍ പറഞ്ഞു. കണ്ണൂരില്‍ കെ സുധാകരന്‍റെ ഉറച്ച അനുയായി ആയാണ് റിജില്‍ അറിയപ്പെടുന്നത്.

×