Advertisment

പരുക്കേറ്റപ്പോഴും വിശ്രമം നൽകാതെ തനിക്ക് ഇഞ്ചക്ഷൻ തന്നു കളിപ്പിക്കുകയായിരുന്നു ക്ലബ്ബ് ചെയ്തത് ; കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മുൻ താരം റിനോ ആന്റോ; സികെ വിനീതും ഈസ്റ്റ് ബംഗാളിലേക്ക് ;റിനോ ഇപ്പോൾ ഡബിൾ ഹാപ്പി !!

New Update

കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ മുൻ താരം റിനോ ആന്റോ. പരുക്കേറ്റപ്പോഴും വിശ്രമം നൽകാതെ തനിക്ക് ഇഞ്ചക്ഷൻ തന്നു കളിപ്പിക്കുകയായിരുന്നു ക്ലബ്ബ് ചെയ്തത് എന്നാണ് മലയാളിയായ പ്രതിരോധതാരം പറഞ്ഞത്. അപമാനവും അവഗണനയും മൂലമാണ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടതെന്നും റിനോ ആന്റോ പറഞ്ഞു.

Advertisment

ഇടത്തേക്കാലിൽ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായപ്പോൾ സഹികെട്ടാണ് അല്പം വിശ്രമം നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അത് കേൾക്കാൻ ക്ലബ്ബ് കൂട്ടാക്കിയില്ല. ഹാഫ് ടൈംവരെയെങ്കിലും കളിച്ചേപറ്റൂവെന്നും വേദന കൂടുമ്പോൾ പിൻവലിക്കാമെന്നുമാണ് അന്ന് പരിശീലകനായിരുന്ന റെനെ മ്യൂളൻസ്റ്റീൻ പറഞ്ഞത്.

publive-image

ആറോളം മത്സരങ്ങളിൽ കടുത്ത വേദന സംഹാരികൾ കുത്തിവച്ചാണ് കളിക്കാനിറങ്ങിയത്. പത്ത് ദിവസം വിശ്രമം കിട്ടിയാൽ ഭേദമാകുന്ന പരുക്കായിരുന്നു. എന്നാൽ മാനേജ്മെന്റ് വിശ്രമം അനുവദിച്ചില്ല. മതിയായ ചികിത്സ കിട്ടാതെ പരുക്ക് കൂടുതൽ വഷളാവുകയായിരുന്നുവെന്നും മുപ്പത്തിരണ്ടുകാരനായ പ്രതിരോധ താരം പറഞ്ഞു.

സ്വന്തം നാട്ടിലെ കാണികൾക്ക് മുന്നിൽ കളിക്കുന്നതിലെ സന്തോഷമാണ് തന്നെ ബ്ലാസ്റ്റേഴ്‌സിൽ എത്തിച്ചത്. എന്നാൽ മാനേജ്‌മെന്റിൽ നിന്ന് കടുത്ത അവഗണനയും അപമാനവും ഏൽക്കേണ്ടി വന്നു. തൊട്ടടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ താൻ തുടരണമെന്നാണ് പിന്നീട് പരിശീലകനായ ചുമലയെടുത്ത ഡേവിഡ് ജയിംസിസിന്റെ താത്പര്യം. എന്നാൽ ഇവനെപ്പോഴും പരിക്കാണെന്നും അടുത്ത സീസണിലും ഇത് തന്നെയായിരിക്കും സ്ഥിതിയെന്നുമാണ് മാനേജ്‌മെന്റ് പറഞ്ഞത്.

ഇപ്പോൾ നൽകുന്ന പ്രതിഫലം നൽകാനാകില്ലെന്ന് അവർ നിലപാടെടുത്തു. വളരെക്കുറഞ്ഞ തുകയുടെ ഓഫർ തന്നിട്ട് ഈ തുകയ്ക്കാണെങ്കിൽ തുടരാം എന്നായിരുന്നു മാനേജ്‌മെന്റിന്റെ പക്ഷം. പരുക്കേറ്റിട്ടും മതിയായ ചികിത്സയും വിശ്രമമവും തന്നില്ല. എന്നിട്ടും നിങ്ങൾക്ക് വേണ്ടി കളിച്ചില്ലേയെന്നും താൻ മാനേജ്മെന്റ് അംഗങ്ങളോട് ചോദിച്ചു. എന്നാൽ നിനക്ക് വേണമെങ്കിൽ ഈ തുകയ്ക്ക് തുടരാം എന്ന നിലപാടിലാണ് അവർ ഉറച്ചു നിന്നതെന്ന് റെനോ പറഞ്ഞു.

താൻ അനുഭവിച്ചതെന്തെന്നോ തന്റെ പരുക്കിന്റെ വിഷാദശാംശങ്ങളോ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അറിയില്ല. മാനേജ്‌മെന്റിന്റെ വാക്ക് കേട്ട് പലരും തനിക്കെതിരെ തിരിഞ്ഞു. സോഷ്യൽ മീഡിയയിൽ സഹികെടും വിധം അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായും റിനോ പറഞ്ഞു. പിന്നീടുള്ള സീസണിൽ റിനോ ബെംഗളൂരു എഫ്‌സിയിലേക്ക് മടങ്ങിപ്പോയി.

ബെംഗളൂരു എഫ്‌സിയാണ് തന്നെ പഴയപ്പടി ആക്കുന്നതെന്നും റിനോ പറഞ്ഞു. ബെംഗളൂരു എഫ്‌സിയുമായി കരാർ അവസാനിച്ച റിനോ ഇപ്പോൾ ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളുമായി ധാരണയിലെത്തിയിട്ടുണ്ട്. ബംഗാളിലേക്ക് മടങ്ങിപോകുന്നതിന്റെ സന്തോഷത്തിലാണ് റിനോ. ഈസ്റ്റ് ബംഗാൾ പോലെ ഏറെ പാരമ്പര്യമുള്ള ഒരു ക്ലബ്ബിനൊപ്പം കരിയർ അവസാനിപ്പിക്കാമെന്ന് റിനോ ആന്റോ കരുതുന്നു. ഉറ്റ സുഹൃത്തായ സികെ വിനീതും ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നു എന്നതിനാൽ റിനോ ഇപ്പോൾ ഡബിൾ ഹാപ്പിയാണ് !

Advertisment