Advertisment

കോവിഡ് 19 സാമ്പത്തിക പ്രതിസന്ധി; ഗള്‍ഫ് മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേര്‍ക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. 26.02 ശതമാനം പേര്‍ തൊഴില്‍ നഷ്ടപ്പെടലിന്റെ വക്കിലാണ്. 18.44 ശതമാനം പേര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചു.

Advertisment

7.32 ശതമാനം പേര്‍ക്ക് തീരേ ശമ്പളം കിട്ടുന്നുമില്ല. പ്രവാസി രിസാല മാഗസിന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വസിക്കുന്ന മലയാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. പുതിയ ലക്കം രിസാലയില്‍ വിശദമായ സര്‍വേ റിപ്പോര്‍ട്ടും അവലോകനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

publive-image

കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരെ അറിയാം എന്ന് അഭിപ്രായപ്പെടുന്നവരാണ് 93 ശതമാനം പേരും. ഇതില്‍ 34 ശതമാനം പേര്‍ യഥേഷ്ടം തൊഴില്‍ നഷ്ടങ്ങള്‍ അറിയാം എന്ന് അഭിപ്രായപ്പെടുന്ന വരാണ്. ഗള്‍ഫ് പ്രവാസത്തില്‍ കോവിഡ് സൃഷ്ടിച്ച സ്വാധീനം വ്യക്തമാക്കുന്നതാണ് സര്‍വേ. ആറു ഗള്‍ഫ് രാജ്യങ്ങളിലായി വ്യത്യസ്ത തൊഴില്‍, ബിസിനസ് സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 7223 പേരിലാണ് സര്‍വേ നടത്തിയത്.

രിസാല സ്റ്റഡി സര്‍ക്കിള്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും ഗള്‍ഫില്‍ തന്നെ തുടരുകയോ പ്രതിസ ന്ധിക്കു ശേഷം തിരിച്ചു വരികയോ വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ് 52.04 ശതമാനവും. 14.84 ശതമാനം പേര്‍ക്ക് വരേണ്ടിവരും എന്നഭിപ്രായമുണ്ട്.

23.99 ശതമാനം പേര്‍ മറ്റുമാര്‍ഗമില്ലെങ്കില്‍ ഗള്‍ഫ് തിരഞ്ഞെടുക്കുമെന്ന് പറയുമ്പോള്‍ 8.90 ശതമാനം പേര്‍ മാത്രമാണ് ഇനി ഗള്‍ഫിലേക്കില്ലെന്ന് തീര്‍ത്തു പറയുന്നത്. കേരളത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളില്‍ ഗള്‍ഫ് ഇനിയും സൃഷ്ടിക്കാനിരിക്കുന്ന സ്വാധീനമാണ് ഈ അഭിപ്രായങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് രിസാല എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അലി അക്ബര്‍ പറഞ്ഞു.

പ്രവാസികളില്‍ 65.54 ശതമാനം പേര്‍ക്കും നാട്ടിലെത്തിയാല്‍ ജോലിയോ മറ്റു സംരംഭങ്ങളോ ഇല്ല. സംഘടിപ്പിക്കണം എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവര്‍ 29.71 ശതമാനം പേരുണ്ട്. 4.75 ശതമാനം പേര്‍ക്കുമാത്രം ജോലിയോ ബിസിനസോ ഉണ്ട്. നാട്ടിലെത്തിയാല്‍ അതിജീവനത്തിന് വായ്പ ഉള്‍പെടെ യുള്ള സാമ്പത്തിക സഹായം കാത്തിരിക്കുന്നവര്‍ 56.12 ശതമാനമുണ്ട്.

പ്രവാസികളില്‍ 20.98 ശതമാനം പേര്‍ക്ക് സ്വന്തമായി വീടോ ഭൂമിയോ ഇല്ല എന്ന സങ്കടാവസ്ഥയും സര്‍വേ വെളിപ്പെടുത്തുന്നു. എന്നാല്‍ ശേഷിക്കുന്നവര്‍ക്ക് വീടോ ഭൂമിയോ മറ്റു ആസ്തികളോ ഉണ്ട്. ഭൂരിഭാഗം പ്രവാസികളും മക്കളുടെയോ ആശ്രിതരുടെയോ വിവാഹം, വിദ്യാഭ്യാസം പോലുള്ള ബാധ്യതകള്‍ ഉള്ളവരാണ്.

ഗള്‍ഫില്‍ മെച്ചപ്പെട്ട അവസ്ഥയില്‍ കുടുംബ സമേതം ജീവിക്കുന്നവര്‍ 15.79 ശതമാനം പേര്‍ മാത്രം. കോവിഡ് വ്യാപന സാഹചര്യം ചെറുതും വലുതുമായ തോതില്‍ മാനസികാഘാതം സൃഷ്ടിച്ചു എന്നഭിപ്രായപ്പെടുന്നത് 65 ശതമാനം പേരാണ്. 34.65 ശതമാനം പേര്‍ കനത്ത ആഘാതമുണ്ടാക്കി എന്നഭിപ്രായപ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 67.06 ശതമാനം പേരും 26-40 നുമിടയില്‍ പ്രായമുള്ളവരാണ്. 27.10 ശത മാനം പേര്‍ 41 നും 60 നുമിടയിലുള്ളവരും 5.85 ശതമാനം പേര്‍ 18-25 നുമിടയിലുള്ളവരാണ്. ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്ത സര്‍വേ ഗള്‍ഫ് മലയാളികളുടെ വര്‍ത്തമാന സാഹചര്യം സംബന്ധിച്ച പൊതു ചിത്രമാണ് നല്‍കുന്നത്.

ഡാറ്റകള്‍ സര്‍ക്കാറു കളുടെയും രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളുടെയും നയരൂപവത്കരണങ്ങളെ സ്വാധീനിക്കേണ്ടതുണ്ടെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

covid 19 lock down study report
Advertisment