Advertisment

പ്രളയത്തിൽ തകർന്ന പി.എം.ജി.എസ്.വൈ റോഡുകളുടെ പുനരുദ്ധാരണത്തിന് നടപടിയായി

New Update

തൊടുപുഴ: 2018-ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ 3-കോടി 36-ലക്ഷം രൂപ അനുവദിച്ചു ടെൻഡർ നടപടികൾ പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എം.പി.

Advertisment

publive-image

പള്ളിക്കാനം-മടത്തിപ്പടി-ചെമ്പകപ്പാറ-മേലെചിന്നാർ റോഡ് 54 ലക്ഷം രൂപ , മുക്കുടിൽ-ഏഴര ഏക്കർ റോഡ് 65.34 ലക്ഷം രൂപ, മൂലക്കാട്ട് – മേത്തോട്ടി റോഡ് 24.51 ലക്ഷം, ബിസി വളവ്-വെണ്ണിയാനി 48.86 ലക്ഷം, വിമലഗിരി-ന്യൂ മൗണ്ട്-തൊട്ടിക്കട റോഡ് 28.48 ലക്ഷം, കൗന്തി- അഞ്ചുമുക്ക് റോഡ് 30.70 ലക്ഷം, കൗന്തി-പുന്നക്കവല റോഡ് 56.3 ലക്ഷം, ചേലച്ചുവട്- വെണ്മണിറോഡ് 31.02 ലക്ഷം രൂപ എന്നിങ്ങനെയാണ് പി എം ജി എസ് വൈ പ്രളയ ഫണ്ടിൽ നിന്നും തുക മാറ്റി വെച്ചത്.

പ്രളയത്തിൽ ജില്ലയിലെ നിരവധി റോഡുകൾ തകർന്ന് ഗതാഗത സംവിധാനം തകരാറിലായിരുന്നു. വിവിധ വകുപ്പുകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ഫണ്ട് ഉപയോഗിച്ച് റോഡുകൾ നന്നാക്കി വരുന്നുണ്ടെങ്കിലും പ്രളയാനന്തരം ഒട്ടേറെ ഗ്രാമീണ റോഡുകൾ താറുമാറായി കിടക്കുകയാണ്.

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന മൂന്നാം പാദം ഒന്നാം ഘട്ടമായി 73.50 കോടി ചെലവ് കണക്കാക്കുന്ന 13 ഗ്രാമീണ റോഡുകൾ സർവ്വേ നടപടികൾ പൂർത്തിയാക്കി ഡിപിആർ സമർപ്പിച്ചിട്ടുണ്ട്.

മൂന്നാം പാദത്തിൽ ആകെ 500 കിലോമീറ്റർ റോഡ് ഇടുക്കി ജില്ലയിൽ നിർമ്മിക്കുന്നതിനുള്ള സന്നദ്ധ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ അനുഭാവപൂർവമായ നിലപാട് കൈക്കൊള്ളുമെന്ന് കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംങ് തോമർ അറിയിച്ചിട്ടുണ്ട്.

കോവിഡ്-19 പ്രതിസന്ധി മൂലം പുതിയ റോഡുകളുടെ സർവ്വേ നടപടികൾക്കും ഡിപിആർ തയ്യാറാക്കുന്നതിനും താമസം നേരിടുന്നുണ്ടെന്ന് എംപി പറഞ്ഞു. പി.എം.ജി.എസ്.വൈ യിൽ മുടങ്ങിക്കിടക്കുന്ന റോഡുകളുടെ പണികൾ പുനരാരംഭിക്കുന്നതിന് കെ.എസ് .ആർ.ആർ.ഡി.എ-യുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു വരുന്നതായി എംപി ചൂണ്ടിക്കാട്ടി.

ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തി കൂടുതൽ ഫണ്ടിനായി സമ്മർദ്ദം ചെലുത്തുമെന്നും എം പി കൂട്ടിച്ചേർത്തു.

road construction
Advertisment