തൊടുപുഴ -വണ്ണപ്പുറം റോഡ്‌ തകര്‍ന്ന നിലയില്‍

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, February 14, 2018

വണ്ണപ്പുറം : തൊടുപുഴ-വണ്ണപ്പുറം റോഡ്‌ തകര്‍ന്ന്‌ കാല്‍നട യാത്രക്കാര്‍ക്കുപോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്‌. കാളിയാര്‍ മുതല്‍ വണ്ണപ്പുറം വരെയുള്ള റോഡില്‍ വലിയ കുഴികള്‍ രൂപം കൊണ്ടിരിക്കുകയാണ്‌. കാളിയാര്‍ വൈദ്യുതി ബോര്‍ഡ്‌ ഓഫീസിന്‌ മുന്നില്‍ റോഡില്‍ രൂപം കൊണ്ട കുഴികളില്‍ വീണ്‌ അപകടം പതിവായിരിക്കുകയാണ്‌.

മഴ മാറിയാല്‍ ഉടന്‍ റോഡ്‌ നന്നാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പ്രാവര്‍ത്തികമായില്ല. ആലപ്പുഴ-മധുര സംസ്ഥാന പാത എന്നറിയപ്പെടുന്ന റോഡിന്റെ വണ്ണപ്പുറം മുതല്‍ ചേലച്ചുവട്‌ വരെയുള്ള ഭാഗവും തകര്‍ന്ന അവസ്ഥയിലാണ്‌. ചെറുവാഹനങ്ങളും ബൈക്കുകളും കുഴികളില്‍ പെട്ട്‌ അപകടങ്ങള്‍ പതിവായിരിക്കുകയാണ്‌.

ഈ റോഡ്‌ ഗതാഗത യോഗ്യമാക്കുന്നതിന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 119 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക വകമാറ്റിയതായി സൂചനയുണ്ട്‌. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ഐ വണ്ണപ്പുറം മണ്‌ഡലം കമ്മറ്റി അറിയിച്ചു.

പ്രസിഡന്റ്‌ പി. എസ്‌. സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ. പി. വര്‍ഗീസ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. ഡിസിസി മെമ്പര്‍ റ്റി. എം. ജോസഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി അഗസ്റ്റിന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസ്‌, വി.ഡി. ജോസ്‌, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ ജൈനമ്മ ജോസ്‌, കെ. ബിനീഷ്‌ലാല്‍, ലൈസമ്മ ശശി, മണ്‌ഡലം സെക്രട്ടറി കെ. എം. സുരേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

×