Advertisment

ഗ്രാനൈറ്റ് വാങ്ങാൻ ബെംഗളൂരുവിൽ പോയ സംഘത്തിന്റെ കാറിന് അള്ളുവച്ച് ടയർ പഞ്ചറാക്കി ; തെന്മലയിൽ നിന്നു പോയ 6 അംഗസംഘം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌ ; ബെംഗളൂരു പാതയിലും കൊള്ളസംഘം? രാത്രിയാത്ര അരുത്

New Update

തെന്മല : ഗ്രാനൈറ്റ് വാങ്ങാൻ ബെംഗളൂരുവിൽ പോയ സംഘത്തിന്റെ കാറിന് അള്ളുവച്ച് ടയർ പഞ്ചറാക്കിയെന്നു പരാതി. പഞ്ചറായതറിയാതെ സഞ്ചരിച്ച കാർ വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തെന്മലയിൽ നിന്നു പോയ 6 അംഗസംഘമാണ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. വാഹനങ്ങൾ അപകടത്തിൽപ്പെടുത്തി കവർച്ച നടത്തുന്ന സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു. 19ന് രാത്രി 9.30ന് ഹൊസൂരിന് സമീപത്തെ ഹോട്ടലിൽ ആഹാരം കഴിക്കാനായി നിർത്തി. ഭക്ഷണശേഷം അന്നുതന്നെ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ലക്ഷ്യം.

Advertisment

publive-image

എന്നാൽ ഡ്രൈവർക്ക് ഉറക്കം വരുന്നെന്ന് അറിയിച്ചതോടെ അന്ന് ഹോട്ടലിൽ തങ്ങുകയായിരുന്നു. ആഹാരം കഴിക്കാൻ ഇറങ്ങിയപ്പോൾ കാറിൽ നിന്നു ലഗേജുകളൊന്നും എടുത്തിരുന്നില്ല. ആഹാരത്തിനു ശേഷം യാത്ര തുടരുമെന്നു ക‌രുതി മോഷ്ടാക്കൾ കാറിന്റെ പിൻ ചക്രത്തിൽ അള്ളുവയ്ക്കുകയായിരുന്നു എന്നാണ് സംശയം.

അടുത്ത ദിവസം രാവിലെ ഹോട്ടലിൽ നിന്നു 10 കിലോ മീറ്റർ ദൂരം പോയപ്പോൾ വൻ‌ശബ്ദത്തോടെ കാർ ഒരു വശത്തേക്ക് മറിയാൻ തുടങ്ങി. ഉടൻ കാർ നിർത്തിയതിനാൽ അപകടം ഒഴിവായി. തൊട്ടടുത്ത ടയർ കടയിൽ നിന്നു ആളെത്തിയാണ് ടയർ മാറ്റിയിട്ടത്.

പഞ്ചർ കടക്കാരനാണ് ടയറിൽ അള്ള് വച്ചതു കാട്ടിക്കൊടുത്തത്. തലേന്ന് രാത്രിയിൽ ഹോട്ടലിൽ തങ്ങാതെ കാർ ഓടിച്ചു പോകുമെന്ന വിശ്വാസത്തിലാവാം കാറിനു അള്ളുവെച്ചത്. ഇങ്ങനെ ഓടിച്ചുപോയി അപകടം സംഭവിച്ചാൽ അള്ളുവെച്ച സംഘം പിൻതുടർന്നെത്തി രക്ഷാപ്രവർത്തനമെന്ന വ്യാജേന പണവും സ്വർണാഭരണങ്ങളും തട്ടിയെക്കുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. ഗ്രാനൈറ്റ് എടുക്കാനായി പോയതിനാൽ 5 ലക്ഷം രൂപയോളം കാറിലുണ്ടായിരുന്നു.

രാത്രിയാത്രയിൽ മനഃപൂർവം അപകടം ഉണ്ടാക്കി പണം തട്ടുന്ന സംഘം തമിഴ്നാട് ദേശീയപാതകളിൽ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുള്ളതാണ്. കുടുംബമായെത്തുന്നവരെയാണ് കൊള്ള സംഘങ്ങൾ ലക്ഷ്യം വച്ചിരുന്നത്. അള്ളുവെച്ച വാഹനത്തെ പിന്തുടർന്നെത്തുന്ന കൊള്ള സംഘം അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്തും. ഈ സമയം വാഹനത്തിലെ പണവും സ്വർണവുമെല്ലാം കവർന്നിരിക്കും. നാട്ടുകാർ എത്തുന്നതിനു മുൻപുതന്നെ പരുക്കുപറ്റിയവരെ ആശുപത്രിയിലും എത്തിക്കും.

തമിഴ്നാട്ടിലെ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഹോട്ടലിൽ മുറി എടുക്കുന്നതിനും മുൻപ് പരിസരം വീക്ഷിക്കുക. പട്ടണങ്ങളിൽ മുറി എടുക്കുന്നതാകും ഉചിതം. യാത്രകളിൽ ആഭരണങ്ങൾ പരമാവധി ഒഴിവാക്കുക.

തമിഴ്നാട് യാത്രയിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് പകൽ സമയങ്ങളിൽ‌ ആക്കുക(പമ്പിന്റെ പരിസരങ്ങളിൽ വാഹനത്തിലുള്ളവരെ നിരീക്ഷിക്കാൻ ആളുണ്ടാകാൻ സാധ്യതയുണ്ട്). പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഗൂഗിൾ മാപ്പ് മാത്രം നോക്കി യാത്ര അരുത്. സംശയനിവാരണം പൊലീസുകാരോട് മാത്രമാക്കുക.

car accident robbery night journey
Advertisment