Advertisment

റോണോയുടെ സാന്നിദ്ധ്യം, എതിരാളികള്‍ക്ക് വരെ ചാകര; ഇതാണ് ക്രിസ്റ്റ്യാനോ മാജിക്

New Update

Advertisment

റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് കൂടുമാറിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. ഞായറാഴ്ച റൊണാള്‍ഡോ ഹോം നഗരമായ ട്യൂറിനില്‍ എത്തി. ഉടന്‍തന്നെ റോണോ യുവന്റസിനൊപ്പമുള്ള തന്റെ ആദ്യ പരിശീലനത്തിനായി ഇറങ്ങും. യുവന്റസ് ടീം പ്രീ സീസണ്‍ മത്സരങ്ങളുമായി ഇപ്പോള്‍ അമേരിക്കയിലാണ്.

ഓഗസ്ത് 19ന് നടക്കുന്ന യുവന്റസിന്റെ ആദ്യ ലീഗ് മത്സരത്തില്‍ ചീവോ വെറോണക്കെതിരെയാവും റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ക്ലബിനായുള്ള അരങ്ങേറ്റ മത്സരം. ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗായ സീരി എയില്‍ മത്സര ഷെഡ്യൂളുകള്‍ പുറത്ത് വന്നതോടെയാണ് റൊണാള്‍ഡോയുടെ യുവന്റസിലെ ആദ്യ മത്സരമേതെന്ന് വ്യക്തമായത്.

ഇറ്റാലിയന്‍ ലീഗ് ഇതുവരെ കണ്ട ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായ നൂറു മില്യണ്‍ യൂറോക്കാണ് റൊണാള്‍ഡോ റയലില്‍ നിന്നും യുവന്റസിലെത്തിയത്. റൊണാള്‍ഡോ ട്രാന്‍സ്ഫര്‍ വഴി യുവന്റസിനു നേട്ടം മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയില്‍ യുവന്റസിന്റെ ഷെയറുകളുടെ മൂല്യം മുപ്പതു ശതമാനത്തില്‍ അധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മാത്രമല്ല, യുവന്റസിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ മാത്രം പതിനൊന്നു ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. റൊണാള്‍ഡോയുടെ യുവന്റസ് പ്രവേശനം എതിരാളികള്‍ക്ക് വരെ ചാകരയാണ് സൃഷ്ടിച്ചിരിക്കുന്നത്.

റൊണാള്‍ഡോ ഒരാളുടെ സാന്നിദ്ധ്യം ഇറ്റാലിയന്‍ ക്ലബ്ബുകള്‍ക്കു മുഴുവന്‍ അനുഗ്രഹമായിരിക്കുകയാണ് ഇപ്പോള്‍. ഈ സീസണില്‍ സ്ഥാനക്കയറ്റം കിട്ടിയ പാര്‍മയും യുവന്റസും തമ്മില്‍ സീരി എയുടെ മൂന്നാമത്തെ മാച്ച്‌ഡേയില്‍ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റ് ആറിരട്ടിവരെ വിലയ്ക്ക് ചൂടപ്പംപോലെ വിറ്റുപോവുകയാണ്.ബാക്കി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന തുടങ്ങിയാലും ഇതേ അവസ്ഥ തന്നെയാവുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്.

സീസണ്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഈ പ്രശ്‌നമില്ലെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ആരാധകരും ഈ തുക നല്‍കി വേണം റൊണാള്‍ഡോയെ കാണാനെന്നത് വ്യക്തമാണ്. റ്റാലിയന്‍ ഫുട്ബോളിന്റെ മുഖംതന്നെ റൊണാള്‍ഡോ മാറ്റുമെന്ന ഫുട്‌ബോള്‍ നിരീക്ഷകരുടെ പ്രവചനങ്ങള്‍ സത്യമാവുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇറ്റലിയില്‍ സംഭവിക്കുന്നത്. ഇറ്റാലിയന്‍ ഫുട്ബോളിന്റെ ഊര്‍ജ്ജ സ്രോതസ്സായി റൊണാള്‍ഡോ മാറുമെന്നാണ് കരുതപ്പെടുന്നത്. ഇറ്റാലിയന്‍ ഫുട്ബോളിനെ അതിന്റെ പ്രതാപകാലത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ റൊണാള്‍ഡോയ്ക്കാകുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

Advertisment