Advertisment

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസില്‍ റോഷി അഗസ്റ്റിന്‍റെ വിപ്പിനായിരിക്കും സാധുതയെന്ന് നിയമസഭാ വൃത്തങ്ങള്‍ ! ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിക്കാന്‍ ജോസ് പക്ഷത്തിന്‍റെ യോഗം അടുത്തയാഴ്ച ! ജോസഫ് വിഭാഗം വെട്ടിലാകും ! അനുനയത്തിനൊരുങ്ങി യു‍ഡിഎഫ് നേതൃത്വവും !

New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എംഎൽഎമാർക്ക് ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ വിപ്പ് വില്ലനാകുന്നു. വിപ്പിന്റെ അവകാശവാദം ഉന്നയിച്ച് ജോസഫ് - ജോസ് വിഭാഗങ്ങൾ രംഗത്തു വന്നിട്ടുണ്ട്.

എന്നാൽ നിയമസഭാ രേഖകളിൽ ഇപ്പോഴും പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നതിനാൽ റോഷിയുടെ വിപ്പിനായിരിക്കും സാധുത ഉണ്ടായിരിക്കുക എന്നാണ് നിയമസഭാ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

കെഎം മാണിയുടെ മരണത്തിന് മാസങ്ങൾക്കു ശേഷം നിയമസഭാ വിപ്പ് സ്ഥാനത്തുനിന്നും റോഷി അഗസ്റ്റിനെ നീക്കി പകരം മോൻസ് ജോസഫിനെ വിപ്പായി നിയമിച്ചതായി കാണിച്ച് പിജെ ജോസഫ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.

എന്നാൽ സ്പീക്കർ ഈ കത്ത് പരിഗണിച്ചിട്ടില്ല. കത്ത് സ്വീകരിക്കാൻ രണ്ട് തടസങ്ങളാണ് നിയമസഭാ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ തർക്കം ഉണ്ടായാൽ അതിനു കാരണമായ സംഭവം ഉണ്ടാകുന്ന ദിവസത്തെ സ്ഥിതി എന്താണോ അതായിരിക്കണം.

ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷന്റെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നതുവരെ പാലിക്കേണ്ടതെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍റെ നിയമവും സുപ്രീം കോടതിയുടെ ഉത്തരവും.

കേരളാ കോണ്‍ഗ്രസുകളുടെ കാര്യത്തില്‍ കെഎം മാണിയുടെ മരണമാണ് തര്‍ക്കം ഉണ്ടാകാന്‍ ഇടയാക്കിയ സംഭവം. അതിനാല്‍ മാണിസാര്‍ മരിച്ച ദിവസം പാര്‍ട്ടി വിപ്പ് ആരായിരുന്നു എന്നതാണ് സ്പീക്കര്‍ക്ക് പരിഗണിക്കാനാകുക.

മറ്റൊന്ന്, മാറ്റത്തിനു കാരണമായ സംഭവം ഉണ്ടായി 30 ദിവസത്തിനകം മാറ്റങ്ങള്‍ ഉണ്ടെങ്കില്‍  അത് സ്പീക്കറെ അറിയിക്കണം എന്നാണ്. കേരളാ കോണ്‍ഗ്രസുകളുടെ കാര്യത്തില്‍ കെഎം മാണി മരിച്ച് 30 ദിവസത്തിനകവും അങ്ങനൊരു കത്ത് സ്പീക്കര്‍ക്ക് നല്‍കിയിട്ടില്ല. അതിനും ആഴ്ചകള്‍ക്കു ശേഷമാണ് മോന്‍സിനെ വിപ്പായി തീരുമാനിച്ച് പിജെ ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

അതിനാല്‍ ആ കത്തും പരിഗണിക്കില്ല. അതിനാലാണ് നിയമസഭാ രേഖകളില്‍ വിപ്പ് സ്ഥാനത്തുനിന്നും റോഷി അഗസ്റ്റിന്‍റെ പേര് സ്പീക്കര്‍ നീക്കം ചെയ്യാത്തത്.

ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ റോഷി അഗസ്റ്റിന്‍റെ വിപ്പായിരിക്കും സ്പീക്കര്‍ പരിഗണിക്കുക.

ജോസ് വിഭാഗത്തെ യുഡിഎഫില്‍നിന്നും പുറത്താക്കിയ സാഹചര്യത്തില്‍ റോഷി അഗസ്റ്റിന്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നായിരിക്കും വിപ്പ് നല്‍കുക എന്നതാണ് ഇനി ശ്രദ്ധേയമാകുക.

നിലവിലെ സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന്‍റെ തീരുമാനം യുഡിഎഫ് നിലപാടിനെതിരായിരിക്കും എന്നാണ് സൂചന.

മാത്രമല്ല, ഇടത് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാറിന് വോട്ട് ചെയ്യാന്‍ റോഷി വിപ്പ് നല്‍കിയാല്‍ അത് പിജെ ജോസഫിനെ വെട്ടിലാക്കും. ജോസ് വിഭാഗത്തിന്‍റെ തീരുമാനം 20-ന് മുമ്പ് ഉണ്ടായേക്കും.

അതേസമയം ജോസ് വിഭാഗവുമായി ധാരണയ്ക്ക് യുഡിഎഫ് ശ്രമിക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടും.

എന്നാല്‍ നിയമസഭാ കക്ഷിയിലെ 5-ല്‍ മൂന്നു എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നു കാട്ടി തങ്ങളുടെ വിപ്പ് അംഗീകരിക്കണമെന്ന് ജോസഫ് വിഭാഗവും സ്പീക്കറോട് വീണ്ടും ആവശ്യപ്പെടും.

kerala congress
Advertisment