‘ഒരു ലക്ഷം തവണ ആവര്‍ത്തിച്ചാലും നിങ്ങളുടെ നുണകള്‍ സത്യമാവില്ല’…ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകനെ കണ്ടിട്ട് മാസങ്ങളായി…തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ ആര്‍ എസ് വിമല്‍

ഫിലിം ഡസ്ക്
Tuesday, February 12, 2019

തനിക്കെതിരെ പരക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ ആര്‍ എസ് വിമല്‍. തന്റെ കരിയര്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചു എന്ന് ആര്‍ എസ് വിമല്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. ഈ വാര്‍ത്ത തെറ്റാണെന്ന് വിമല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

മലയാളി നെഞ്ചേറ്റിയ എന്നു നിന്റെ മൊയ്തീൻ എന്റെ ഒന്നര പതിറ്റാണ്ടു കാലത്തെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. അതിനു വേണ്ടി ഞാനൊഴുക്കിയ കണ്ണീരിനും വിയർപ്പാക്കിയ ചോരയ്ക്കും അളവില്ല!

കർണ്ണനും അതേപോലെ തന്നെയാണ്. മൊയ്തീനു ശേഷം ആർ. എസ്. വിമലില്ല എന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, ഒടുവിൽ നമ്മുടെ സിനിമാ ഇതിഹാസമായി ചിയാൻ വിക്രമിനെ കേന്ദ്രമാക്കി ക്യാമറ ഉരുണ്ടു തുടങ്ങും വരെയും ഞാൻ ഒരു പാട് കണ്ണീരുണ്ടിട്ടുണ്ട്.

മഹാവീർ കർണ്ണയുടെ ആദ്യ ഷെഡ്യൂളിനായി ഒന്നര മാസത്തോളം ഹൈദരാബാദിലായിരുന്നു. മടങ്ങി വന്നിട്ട് രണ്ടു നാളേ ആയിട്ടുള്ളു. ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലുമാണ്. തികച്ചും സ്വകാര്യവും വീട്ടുകാർക്കു മാത്രമറിയാവുന്നതുമായ ഔദ്യോഗിക യാത്ര. എന്റെ അടുത്ത ചങ്ങാതിമാരെ പോലും കണ്ടിട്ട് കുറെയേറെ നാളായി. ഏതെങ്കിലുമൊരു മാധ്യമ പ്രവർത്തകനെ കണ്ടിട്ടാണെങ്കിൽ മാസങ്ങളും.

അതിനിടെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ പേരിലുള്ള വ്യാജവാർത്തകൾ . ആരോ പടച്ചു വിട്ട ,ഒരേ അച്ചിൽ വാർത്തവ.

ഒരു പാട് പേരുടെ ഇരയായിരുന്നു എക്കാലത്തും ഞാൻ. നെയ്യാറ്റിൻകരയിലെ ഒരു വീട്ടിൽ നിന്നും മാധ്യമ പ്രവർത്തനവുമായി വന്ന് ,സിനിമ സ്വപ്നം കണ്ട നാൾ മുതൽ നുള്ളിക്കളയാൻ, ഞെക്കിക്കൊല്ലാൻ ശ്രമിച്ചവരാണ് ഏറെയും. അവനങ്ങനെ വളരണ്ട എന്ന് ആക്രോശിച്ചവർക്കു മുന്നിൽ , എനിക്കായി കരുതി വെച്ച ഒരു അരി മണിയുണ്ടെങ്കിൽ എന്നെങ്കിലും അതെന്നെ തേടി വരിക തന്നെ ചെയ്യുമെന്നു കരുതി കാത്തിരുന്നവനാണ് ഞാൻ.
മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളായ ദിലീപിന്റെ ഒരു സിനിമ റിലീസാവാനിരിക്കെ, എന്റെ ചിത്രത്തിന്റെ ചിത്രീകരണം മൂന്നേറവെ ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്‌.
എന്റെ രക്തം ആർക്കോ ആവശ്യമുണ്ട്.

പക്ഷേ,
എനിക്ക് ഇന്നാട്ടിലെ പ്രേഷകരെ, ജനങ്ങളെ വിശ്വാസമുണ്ട്.
“ഒരു ലക്ഷം തവണ ആവർത്തിച്ചാലും നിങ്ങളുടെ നുണകൾ സത്യമാവില്ല” എന്ന് അവർ വിധി എഴുതുക തന്നെ ചെയ്യും.
സ്നേഹത്തോടെ
ആർ. എസ്. വിമൽ

https://www.facebook.com/rs.vimal?__tn__=CH-R&eid=ARArQyXI1dhHd0k2vE1NqF2osyn7-wnSyZLzb5NzeM2g3kwPLZkOUKgWuKIhmMgAGA1vCQvsSOJ7NOZA&hc_ref=ARTH8-wgEhMc-GEnTjhyY4vi7TDaRZxA3mLhhzl96w7VohVk2V5GpHe_jy29sBkHz_E&fref=nf&__xts__[0]=68.ARA-lSchGm_ms4ea2zs7DSCaQEpFBqToOle1JS4VNVzOjLEyGzsPCCj9psVIWoE-2UVBe_9ctCQ26qrIy50BVFJYB9dsRCKWiUROk-jdBiVtY6WsK0V_1dwUwfdCTnIi2SKrJwX8PegsYcK8oRnLBnKh2Q-E_PmCcpRfr1ePaLp1CGUDKoCj_0ASsWd2n06CGz2kapgWyXnZdpn0oE68otU2ulsuhp2HBbAlcw3dSEQt3puoVmfwBSbKK_mUEk5xwt8gUw90hdMQ9spWAH1W6bA0dFXDYB4LI3jhJhcrCcKUPmeXRnY11s6jTzHPdbo_SURTRN58qUQxXpvmqh1h1g

×