മുസ്ലിം ലീഗല്ല ആര്‍.എസ്.എസ് ആണ് വൈറസെന്ന് രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 19, 2019

തിരുവനന്തപുരം : മുസ്ലിം ലീഗല്ല ആര്‍.എസ്.എസ് ആണ് വൈറസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയല്ല ബി.ജെ.പി, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത സവര്‍ക്കറുടെ പിന്‍ഗാമികളാണ് ബി.ജെ.പിക്കാര്‍, അവര്‍ക്ക് ധീരപഴശ്ശിയുടെ നാടായ വയനാടിനെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചു.

ആട്ടിന്‍തോലിട്ട ചെന്നായ ആണ് ശബരിമല കര്‍മസമിതിയെന്നും ചെന്നിത്തല ഇന്ന് ആരോപണമുന്നയിച്ചിരുന്നു. ആര്‍എസ്എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കര്‍മസമിതി, ശബരിമലയുമായി ബന്ധപ്പെടുത്തി ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുമെന്നും വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വരെ എത്തിച്ചത് ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ്. ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയതെന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

×