Advertisment

റബര്‍ വിലസ്ഥിരതാ പദ്ധതി അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം; മുഖ്യമന്ത്രി ഇടപെടണമെന്ന് ഇന്‍ഫാം

New Update

കോട്ടയം: ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ 150 രൂപ വിലസ്ഥിരതാപദ്ധതി അട്ടിമറിക്കാന്‍ ആസൂത്രിതനീക്കം അണിയറയിലൊരുങ്ങുന്നുവെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Advertisment

ഏപ്രില്‍ മുതല്‍ വിലസ്ഥിരതാപദ്ധതി പ്രകാരമുള്ള തുകയൊന്നും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. ജൂണ്‍ മുതല്‍ കമ്പ്യൂട്ടര്‍ സാങ്കേതിക പ്രശ്‌നം മൂലം ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുവാന്‍ സാധിക്കുന്നുമില്ല. 5 മാസക്കാലമായിട്ടും കെല്‍ട്രോണിന്റെ നിയന്ത്രണത്തിലുള്ള സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് സാധിക്കാത്തത് വന്‍ വീഴ്ചയാണ്. സര്‍ക്കാരും റബര്‍ബോര്‍ഡും ഇക്കാര്യത്തില്‍ ഒളിച്ചോട്ടം നടത്തുന്നത് ദുഃഖകരമാണ്.

രാജ്യാന്തര വിലയേക്കാള്‍ ഉയര്‍ന്നവില നിലവില്‍ ആഭ്യന്തരവിപണിയില്‍ റബറിന് കിട്ടണമെന്നിരിക്കെ ലഭ്യമാക്കാതിരിക്കുന്നതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. വ്യവസായികളും വന്‍കിട വ്യാപാരികളും റബര്‍ ബോര്‍ഡ് ഉന്നതരും ഉദ്യോഗസ്ഥരും ചേര്‍ന്ന ലോബി കര്‍ഷകനെ ദ്രോഹിച്ച് റബര്‍കൃഷി ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുന്നത് ഭാവിയില്‍ ബോര്‍ഡിന്റെ നിലനില്‍പ്പുപോലും ചോദ്യം ചെയ്യപ്പെടും.

2015ല്‍ ആരംഭിച്ച വിലസ്ഥിരതാപദ്ധതിക്കുശേഷം ഇക്കാലത്തിനിടയില്‍ ഒരു ദിവസം മാത്രമാണ് റബറിന് 152 രൂപ വിപണിയിലുണ്ടായത്. രാജ്യാന്തരവില ഉയര്‍ന്നിട്ടും ഇറക്കുമതിച്ചുങ്കം കൂട്ടിയുള്ള ആഭ്യന്തരവില കര്‍ഷകന് ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും പരാജയപ്പെടുകമാത്രമല്ല ഗുണനിലവാരമില്ലാത്ത റബര്‍ കുറഞ്ഞവിലയില്‍ അനിയന്ത്രിതമായി ഇറക്കുമതിക്ക് ഒത്താശചെയ്യുന്നതും കര്‍ഷകര്‍ തിരിച്ചറിയുന്നു.

വിലസ്ഥിരതാപദ്ധതി നിലച്ചാല്‍ കര്‍ഷകര്‍ മാത്രമല്ല വ്യാപാരികളും പ്രതിസന്ധിയിലാകും. കോവിഡ് 19ന്റെ മറവില്‍ റബര്‍ ഉല്പന്നങ്ങളുടെ ഉല്പാദനം കുറഞ്ഞുവെന്ന വാദം ശരിയല്ല. പിന്നെ എന്തുകൊണ്ട് അസംസ്‌കൃത റബറിന്റെ ഇറക്കുമതി ഉയരുന്നുവെന്ന് റബര്‍ബോര്‍ഡ് വ്യക്തമാക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

rubber price
Advertisment