കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കവി എസ് രമേശൻ നായർക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, December 5, 2018

2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർക്ക്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഗുരു പൗർണ്ണമി എന്ന കവിതക്കാണ് അവാർഡ്. ജൂറി അംഗങ്ങളായ എം.മുകുന്ദൻ, സി.രാധാകൃഷ്ണൻ, എം.എം ബഷീർ എന്നിവർ അടങ്ങിയ ജൂറിയാണ് എസ്. രമേശൻ നായരെ അവാർഡിനായി തെരെഞ്ഞെടുത്തത്. മലയാളത്തിലും തമിഴിലും നിരവധി ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു എസ്. രമേശന്‍ നായരുടെ ജനനം. സരയൂ തീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി(കവിതാസമാഹാരങ്ങള്‍), ആള്‍രൂപം, സ്ത്രീപര്‍വ്വം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം(ബാലസാഹിത്യം), തിരുക്കുറള്‍, ചിലപ്പതികാരം, സുബ്രഹ്മണ്യഭാരതിയുടെ കവിതകള്‍, സംഗീതക്കനവുകള്‍(വിവര്‍ത്തനങ്ങള്‍) എന്നിവയാണ് മുഖ്യകൃതികള്‍. നൂറ്റമ്പതോളം ചലച്ചിത്രഗാനങ്ങള്‍ക്ക് അദ്ദേഹം രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ഇടശ്ശേരി അവാര്‍ഡ്, വെണ്‍മണി അവാര്‍ഡ്, പൂന്താനം അവാര്‍ഡ്, 2010-ലെ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

 

×