Advertisment

സുശാന്ത് നമ്മെ വിട്ടുപിരിഞ്ഞു; ദയവ് ചെയ്ത് ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടു; പൊട്ടിത്തെറിച്ച് ശ്രീശാന്ത്‌

New Update

കൊച്ചി :  യുവ നടന്‍ സുശാന്തിന്റെ മരണത്തില്‍ പ്രതികരണവുമായി എസ് ശ്രീശാന്ത്‌.  മരണത്തിനു പിന്നാലെ താരത്തെക്കുറിച്ച് അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ശ്രീശാന്തിന്റെ വിമർശനം.

Advertisment

publive-image

ഇത്തരം ഹീനകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നോക്കാൻ പോലും തനിക്കു താൽപര്യമില്ലെന്നു പറഞ്ഞ്, ക്യാമറയ്ക്കു മുഖം കൊടുക്കാതെയാണ് ശ്രീശാന്തിന്റെ വിഡിയോ ആരംഭിക്കുന്നത്. സുശാന്ത് നമ്മെ വിട്ടുപിരിഞ്ഞെന്നും ദയവു ചെയ്ത് ഇനിയെങ്കിലും അദ്ദേഹത്തെ വെറുതേ വിടണമെന്നും ശ്രീ പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായിരുന്ന മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്. ധോണി – ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശ്രീശാന്ത് ട്വിറ്ററിൽ അനുശോചനം അറിയിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ്, മരിച്ചുകഴിഞ്ഞെങ്കിലും അദ്ദേഹത്തെ വെറുതെ വിടാൻ ശ്രീശാന്തിന്റെ അഭ്യർഥന.

ശ്രീശാന്തിന്റെ വിഡിയോയിൽനിന്ന്...

പുറത്തിരുന്ന് അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ചിലരെ നോക്കാൻ പോലും എനിക്കു താൽപര്യമില്ല. അദ്ദേഹം പോയിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയിരുന്നത് എന്താണെന്നോ ആ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നോ നമുക്കറിയില്ല. ദയവു ചെയ്ത് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്കു പ്രാർഥിക്കാം. അദ്ദേഹത്തിന്റെ ആത്മാവിനോട് ദയവുചെയ്ത് അൽപം ബഹുമാനം കാട്ടുക.

ഇത്തരം അഭ്യൂഹങ്ങളൊക്കെ പ്രചരിപ്പിക്കുന്നത് എളുപ്പമായിരിക്കാം. പക്ഷേ, അത് നല്ലതല്ല. ഒരു കാര്യമേ എനിക്കു പറയാനുള്ളൂ. ദയവു ചെയ്ത് സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ പാതിവഴിയിൽ പിൻമാറരുത്. ഉപേക്ഷിച്ച് മടങ്ങരുത്. ഒരുകാലത്ത് തീർച്ചയായും നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകും. നിങ്ങൾക്കൊപ്പം മാതാപിതാക്കളുണ്ട്, സുഹൃത്തുക്കളുണ്ട്.

എന്തുണ്ടെങ്കിലും അവരോടൊക്കെ പങ്കുവയ്ക്കൂ. കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള ആളാണ് ഞാൻ. നിങ്ങളും കടന്നുപോയിട്ടുണ്ടാകും. ഇതെല്ലാം എല്ലാവർക്കും സംഭവിക്കുന്നതാണ്. എങ്കിലും ആത്മവിശ്വാസം കൈവിടരുത്. ഒട്ടേറെ ആളുകൾ ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. ദയവു ചെയ്ത് പാതിവഴിയിൽ പിന്മാറരുത്. ഉപേക്ഷിച്ച് മടങ്ങരുത്.

നിങ്ങൾക്ക് സ്വപ്നങ്ങളിലേക്ക് നടക്കാനാകുമെന്ന് ഉറച്ചുവിശ്വസിക്കുക. നാമെല്ലാം മഹത്തായ അത്തരം ലക്ഷ്യങ്ങൾക്കായി ജനിച്ചവരാണ്. എവിടെയോ ആരൊക്കെയോ നിങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാൻ കാത്തുനിൽപ്പുണ്ട്. ഇനി ആരുമില്ലെങ്കിൽ ഞാൻ നിങ്ങൾക്കൊപ്പം നിൽക്കും, എന്റെ കുടുംബം നിങ്ങൾക്കൊപ്പം നിൽക്കും, എന്റെ സുഹൃത്തുക്കൾ നിങ്ങൾക്കൊപ്പം നിൽക്കും. ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ടാകും. ദയവു ചെയ്ത് പാതിവഴിയിൽ മടങ്ങരുത്. നിങ്ങളിൽ വിശ്വസിക്കുക. ആ അദൃശ്യശക്തിയെ വിശ്വസിക്കുക.

ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകാത്തവരില്ല. ഞാൻ കടന്നുപോയിട്ടുണ്ട്. പക്ഷേ ഉപേക്ഷിച്ച് മടങ്ങരുത്. നമ്മുടെ ഓരോ ശ്വാസവും ഓരോ ഉത്തരവാദിത്തമാണ്. ഓരോ അദ്ഭുതമാണ്. ദൈവം അനുഗ്രഹിക്കട്ടെ.

all news s.sreesanth susanth singh susanth singh rajputh susanth singh suicide
Advertisment