കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും: കനത്ത സുരക്ഷ

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Tuesday, February 12, 2019

സന്നിധാനം: ശബരിമല നട ഇന്ന് തുറക്കും. കുംഭമാസ പൂജയ്ക്കായി ഇന്ന് വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക.

അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയാണ് കേഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല.

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കാന്‍ സന്നിധാനവും നിലയ്ക്കലും പമ്ബയും പോലീസിന്റെ വലയത്തിലാക്കി. പതിനേഴുവരെ നിരോധനാജ്ഞ തുടരും.

സന്നിധാനത്ത് വി.അജിത്തിനും പമ്ബയില്‍ എച്ച്‌. മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ് ചുമതല.കൂടാതെ ആറ് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ എന്നിവരും ഡ്യൂട്ടിയിലുണ്ട്. 1375 പോലീസുകാരെയാണ് ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കൂ.

×