Advertisment

ശബരിമല; സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് പങ്കെടുക്കും,ഗത്യന്തരമില്ലാതെയാണ് സർക്കാർ യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

New Update

Advertisment

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് യു.ഡി.എഫ്. മുന്നണിയ്ക്കുള്ളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പങ്കെടുക്കാണമെന്ന നിലാപാടില്‍ യു.ഡി.എഫ് എത്തിയതായാണ് റിപ്പോര്‍ട്ട്.

സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിച്ചത്. എന്നാല്‍ ഘടകകക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സാമാധാനം തകര്‍ക്കുന്ന ഒന്നും ശബരിമലയില്‍ ഉണ്ടാകരുതെന്ന് സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ആവശ്യപ്പെടും.

മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായതോടെ ഗത്യന്തരമില്ലാതെയാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറായതെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. കോണ്‍ഗ്രസ് മുന്‍പ് ആവശ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍വകകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍.ഡി.എ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലവിധി ചര്‍ച്ചചെയ്യാന്‍ നാളെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനാണു ധാരണ.

സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല. തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സര്‍വകക്ഷിയോഗത്തിനു ശേഷമായിരിക്കും ഇവരുമായിട്ടുള്ള കൂടിക്കാഴ്ച.

പുനഃപരിശോധനാ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍വകക്ഷിയോഗം വേണ്ടെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തിയത്.

Advertisment