Advertisment

സന്നിധാനത്ത് അറസ്റ്റിലായ 69 പേര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍; ജയിലിലേയ്ക്ക് പൊലീസ് വാഹനങ്ങളെ നാമജപക്കാര്‍ സ്വീകരിച്ചത് പുഷ്പവൃഷ്ടി നടത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

Advertisment

ശബരിമല സന്നിധാനത്തുനിന്ന് ഞായറാഴ്ച രാത്രി അറസ്റ്റു ചെയ്ത 70 പേരില്‍ 69 പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാളെ ജയിലിലേക്കു മാറ്റിയിട്ടില്ല. പൂജപ്പുരയിലേയ്ക്ക് മാറ്റിയവരുടെ ജാമ്യാപേക്ഷ 21ന് പരിഗണിക്കും. 69 പേരെ ജയിലേയ്ക്ക് എത്തിക്കുന്നതറിഞ്ഞ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടം ജയിലിന്റെ പ്രധാന കവാടത്തില്‍ പ്രതിഷേധിച്ചു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അയ്യപ്പചിത്രവുമായി നാമജപം നടത്തി. ജയില്‍ കവാടത്തിനു മുന്നില്‍വെച്ച് പുഷ്പവൃഷ്ടി നടത്തിയാണ് പൊലീസ് വാഹനങ്ങളെ നാമജപക്കാര്‍ സ്വീകരിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി വാഹനത്തിന് ആരതി ഉഴിഞ്ഞു.

അതേസമയം, സന്നിധാനത്തെത്തി നെയ്യഭിഷേകം നടത്തുന്നതുവരെ ജയിലില്‍ നിരാഹാരം തുടരുമെന്ന് റിമാന്‍ഡിലായ പ്രക്ഷോഭക്കാര്‍ പറഞ്ഞു. ഇരുമുടിക്കെട്ടുമായാണ് ഇവര്‍ ജയിലിലേക്കു പോയത്.

സന്നിധാനത്തുനിന്ന് മണിയാര്‍ കെ.എ.പി. ക്യാമ്പിലെത്തിച്ച ഇവരെ റാന്നിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. കോടതി അവധിയായതിനാല്‍ പത്തനംതിട്ടയിലേക്കു മാറ്റി. തിങ്കളാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി വൈകീട്ട് നാലുമണിയോടെ വന്‍സുരക്ഷാ സാന്നിധ്യത്തില്‍ കോടതിയിലെത്തിച്ചു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ചു, സംഘം ചേര്‍ന്ന് പ്രകടനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.

അറസ്റ്റിലായവര്‍ക്ക് പിന്തുണയറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ പഴകുളം മധു, ബാബു ജോര്‍ജ്, വെട്ടൂര്‍ ജ്യോതി പ്രസാദ്, മോഹന്‍രാജ് എന്നിവര്‍ കോടതി പരിസരത്തെത്തിയിരുന്നു. എം.പി. ആന്റോ ആന്റണി മണിയാര്‍ പൊലീസ് ക്യാമ്പില്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.

തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവരല്ലെന്ന് അറസ്റ്റിലായ ചിലര്‍ എം.പി.യോടു പറഞ്ഞു. അറസ്റ്റിലായവരെ ക്യാമ്പിലെത്തിച്ചപ്പോള്‍ മുതല്‍ ബി.ജെ.പി.-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധവുമായി തടിച്ചുകൂടി. പത്തനംതിട്ട കോടതി പരിസരത്തും പ്രതിഷേധക്കാരെത്തിയിരുന്നു

Advertisment