Advertisment

ശബരിമല; ബി.ജെ.പി നേതാക്കള്‍ കരുതല്‍ തടങ്കലില്‍;പ്രശ്നക്കാര്‍ വീണ്ടും എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റിനു പൊലീസ്

New Update

Advertisment

ശബരിമലയില്‍ മണ്ഡലകാല സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ ഇടുക്കി ജില്ലയിലെ ബി.ജെ.പി, ബി.എം.എസ് നേതാക്കളെ കരുതല്‍ തടങ്കലില്‍വെച്ചു. ബി.ജെ.പി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, ജില്ലാ കമ്മിറ്റി അംഗം എസ്.ജി. മനോജ്, ബി.എം.എസ് മേഖലാ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീകുമാര്‍ എന്നിവരെയാണു പൊലീസ് അറസ്റ്റു ചെയ്തത്.

പ്രശ്നക്കാര്‍ വീണ്ടും ശബരിമലയില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റിനു പൊലീസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്ലാ ജില്ലകളിലും പ്രശ്നക്കാരുടെ പട്ടിക പൊലീസിന്റെ പക്കലുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ശബരിമലയില്‍ പൊലീസുകാര്‍ കൃത്യമായി ഡ്രസ് കോഡ് പാലിക്കണമെന്ന് ഐ.ജി വിജയ് സാക്കറെ നിര്‍ദ്ദേശിച്ചു. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് പൊലീസുകാര്‍ നില്‍ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ പതിനെട്ടാം പടിയിലും സോപാനത്തും മാത്രം ഇളവ് നല്‍കിയിട്ടുണ്ട്. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറക്കാനിരിക്കെ ശബരിമലയില്‍ വന്‍ പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. അന്‍പത് വയസു പിന്നിട്ട വനിതാ പൊലീസ് സംഘത്തെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ലോക്നാഥ് ബെഹ്റയും നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും.

Advertisment