Advertisment

സർക്കാർ നിലപാട് വ്യക്തമാക്കി, ഞങ്ങളും ഞങ്ങളുടെ നിലപാട് സർക്കാരിനെ അറിയിച്ചു';തന്ത്രി, രാജകുടുംബാംഗങ്ങൾ

New Update

Advertisment

മണ്ഡല-മകരവിളക്ക് കാലത്തിനായി നാളെ ശബരിമല നട തുറക്കാനിരിക്കെ, മുഖ്യമന്ത്രിയുമായി സൗഹാർദപരമായ ചർച്ച നടന്നെന്ന് പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവർമ. ''സർക്കാർ നിലപാട് വ്യക്തമാക്കി. ഞങ്ങളും ഞങ്ങളുടെ നിലപാട് സർക്കാരിനെ അറിയിച്ചു. സമാധാനപരമായി തീർഥാടനകാലം മുന്നോട്ടു വയ്ക്കാനുള്ള ചില നിർദേശങ്ങളടങ്ങിയ നിവേദനം ഞങ്ങൾ സർക്കാരിന് നൽകിയിട്ടുണ്ട്. സർക്കാരും ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്.''ശശികുമാരവർമ പറഞ്ഞു.

സാവകാശഹർജി നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശശികുമാരവർമ വ്യക്തമാക്കി. സർക്കാരിന് പുനഃപരിശോധനാ ഹർജിയോ, സാവകാശഹർജിയോ കൊടുക്കാനാകില്ല. അതിൽ ദേവസ്വംബോർഡ് ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശശികുമാരവർമ വ്യക്തമാക്കി.

എന്നാൽ ചില പ്രത്യേകദിവസങ്ങളിൽ യുവതികൾക്ക് കയറാമെന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞോ എന്ന ചോദ്യത്തിന് ശശികുമാരവർമ വ്യക്തമായ ഉത്തരം നൽകിയില്ല. ''അത്തരം ചില നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടു വച്ചിട്ടുണ്ട്. അതിൽ മൂന്ന് പേർക്ക് എടുക്കാവുന്ന തീരുമാനമല്ല. കുറേക്കൂടി ആഴത്തിലുള്ള കൂടിയാലോചനകൾ ഇതിനൊക്കെ ആവശ്യമാണ്''. ശശികുമാരവർമ വ്യക്തമാക്കി.

യുവതികൾ വരരുതെന്ന് അഭ്യർഥിക്കാനേ കഴിയൂവെന്ന് തന്ത്രി പറഞ്ഞു. യുവതികൾ ശബരിമലയിൽ കയറുന്നത് ആചാരവിരുദ്ധമാണ്. വരരുതെന്ന് അഭ്യർഥിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത തന്ത്രി കണ്ഠരര് രാജീവര് പറ‌ഞ്ഞു.

മുമ്പത്തേത് പോലെ, സർക്കാരിനെതിരെ രൂക്ഷവിമർശനമൊന്നും മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിയില്ലെങ്കിലും സർക്കാരും തന്ത്രി, രാജകുടുംബാംഗങ്ങളും നിലപാടിൽ അയവ് വരുത്തിയില്ലെന്നാണ് സൂചന. ഇരുപക്ഷവും നിലപാടിലുറച്ച് നിന്നതോടെ ഈ സമവായചർച്ചയിലും കാര്യമായ മുന്നോട്ടുപോക്കുണ്ടായിട്ടില്ല.

''സർക്കാരിന് ഉറച്ച നിലപാടുണ്ടെങ്കിൽ ഞങ്ങൾക്കും ഉറച്ച നിലപാടുണ്ട്. സ്ത്രീപ്രവേശനത്തിന് അനുകൂലമല്ല. ആചാരപരമായി അത് അനുവദിക്കാനാകില്ല'', എന്ന് ശശികുമാരവർമ വ്യക്തമാക്കി.

Advertisment